ഗുജറാത്തിലെ ഉൾനാടൻ മേഖലകളിൽ വിദ്യാഭ്യാസം എത്തിക്കുന്നതിനായി നൂതന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഉപയോഗശൂന്യമായ 28 സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളെ സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലാസ് മുറികളാക്കി മാറ്റി.
വിദ്യാഭ്യാസ വകുപ്പിന്റെയും ‘സമഗ്ര ശിക്ഷ’ കാമ്പയിന്റെയും ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘രൺശാല’ എന്ന ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതിയുടെ ഉദ്ഘാടനം ഗാന്ധിനഗറിലെ പഥികാശ്രമം എസ്ടി ഡിപ്പോയിൽ വെച്ച് നടന്നു. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കവെ, “മരുഭൂമി മേഖലയിൽ ജീവിക്കുന്ന കുട്ടികൾക്ക് ഇനി പഠനത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരില്ലെന്നും വിദ്യാഭ്യാസം അവരുടെ വാതിൽപ്പടിയിൽ എത്തിയെന്നും” ഹർഷ സംഘവി പറഞ്ഞു. പദ്ധതിയുടെ പ്രത്യേകതകൾ
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ ബസും സജ്ജീകരിച്ചിരിക്കുന്നത്.
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലാസ് മുറികളിൽ 43 ഇഞ്ച് സ്മാർട്ട് ടിവികൾ, ഡിഷ് ടിവി കണക്റ്റിവിറ്റി, എഫ്എം റേഡിയോ, എൽഇഡി ലൈറ്റുകൾ, വാൾ ഫാനുകൾ എന്നിവയുണ്ട്. കൂടാതെ, മടക്കിവെക്കാവുന്ന സ്റ്റഡി ടേബിളുകൾ, ബ്ലാക്ക് ബോർഡുകൾ, വൈറ്റ് ബോർഡുകൾ, അധ്യാപകർക്കുള്ള പ്രത്യേക കാബിൻ, ലൈബ്രറി സ്പേസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും വിനോദത്തിനുമായി വാഷ് ബേസിനുകൾ, കുടിവെള്ള സംവിധാനം, ബോർഡ് ഗെയിമുകൾ, ബാസ്ക്കറ്റ്ബോൾ കളി ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ലക്ഷ്യമിടുന്നത് ആരെ?
സുരേന്ദ്രനഗർ, പഠാൻ, കച്ച്, മോർബി എന്നീ ജില്ലകളിലെ ‘അഗരിയ’ ഗോത്ര വിഭാഗത്തിൽപ്പെട്ട
കുടിയേറ്റ തൊഴിലാളികളുടെ മക്കളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ സംവിധാനം വലിയൊരു കൈത്താങ്ങായിരിക്കും.
ഒരു ബസിൽ ഒരേസമയം 20-ലധികം കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. ആദ്യഘട്ടത്തിൽ സജ്ജമാക്കിയ 28 ബസുകളിൽ 20 എണ്ണം സുരേന്ദ്രനഗറിലെ പട്ഡി താലൂക്കിലും, 4 എണ്ണം പഠാനിലെ സന്താൽപൂരിലും, 2 എണ്ണം കച്ചിലെ അഞ്ചാറിലും, ശേഷിക്കുന്ന 2 എണ്ണം മോർബിയിലെ മാലിയയിലുമാണ് വിന്യസിച്ചിരിക്കുന്നത്.
ഭാവിയിൽ ഇത്തരം കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് സർക്കാരിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

