മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സർക്കാർ നിയമനം നൽകി.
സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസർ തസ്തികയിലാണ് നിയമനം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഡി. മഞ്ജുഷ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ഈ ദാരുണ സംഭവം.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട സർക്കാർ, കേസ് സിബിഐക്ക് വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു.
പി.പി. ദിവ്യയാണ് കേസിലെ പ്രതി.

