സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച റോഡ് നികുതിയിളവ് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് കാസർകോട് ജില്ലാ ബസ് ഉടമസ്ഥ സംഘം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതിയിളവ് വഴി ഒരു ബസ് ഉടമയ്ക്ക് ദിവസേന ലഭിക്കുന്ന ആനുകൂല്യം 150 രൂപ മാത്രമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
നിലവിൽ ഒരു ബസ് ഉടമയ്ക്ക് ത്രൈമാസ നികുതി ഇനത്തിൽ ശരാശരി 27,000 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഇത് മാസത്തിൽ 9,000 രൂപ എന്ന കണക്കിലാണ്.
നികുതി പകുതിയായി കുറച്ചാലും അതിന്റെ ഗുണഫലം വളരെ തുച്ഛമാണെന്ന് അവർ വിശദീകരിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സൗജന്യയാത്ര സ്വകാര്യ ബസുകളുടെ ദൈനംദിന വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതുമൂലം ഓരോ ബസ് ഉടമയ്ക്കും ദിവസേന 1,500 മുതൽ 3,000 രൂപ വരെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഭാരവാഹികൾ കണക്കുകൾ നിരത്തി വ്യക്തമാക്കി. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ നിന്നും യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറി പ്രധാന പാതകളിൽ ഇറങ്ങി കെഎസ്ആർടിസി ബസുകളിലേക്ക് മാറുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും ഇതും വരുമാനത്തകർച്ചയ്ക്ക് കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.എ.മുഹമ്മദ്കുഞ്ഞി, ടി.എസ്.കാർത്തിക് രാജ്, പി.എ.മുഹമ്മദ്കുഞ്ഞി, പി.ചന്ദ്രശേഖര, ബി. രത്നാകര ആൽവ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

