ദില്ലിയിൽ നിന്ന് പുറത്തുവരുന്ന രാഷ്ട്രീയ റിപ്പോർട്ടുകൾ പ്രകാരം, ശിവസേനയിലെ ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും ഏക്നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് കൂടുതൽ എംപിമാർ കൂടുമാറുന്നു. താൻ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷത്തേക്ക് ചേരുമെന്ന് ഹിംഗോളിയിൽ നിന്നുള്ള ലോക്സഭാംഗം നാഗേഷ് പാട്ടീൽ അഷ്ടിക്കർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യമാണ് ഈ തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് എംപി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ജനങ്ങളേറെ പ്രതീക്ഷകളോടെയാണ് തന്നെ തെരഞ്ഞെടുത്തതെന്നും അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയെന്നത് തന്റെ ചുമതലയാണെന്നും നാഗേഷ് പാട്ടീൽ അഷ്ടിക്കർ എംപി പറഞ്ഞു. എന്നാൽ തനിക്ക് വികസന ഫണ്ടുകളൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല.
അഞ്ചുകോടി രൂപയുടെ എംപിഎൽഎഡിഎസ് ഫണ്ട് വളരെ പരിമിതമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.” കൂടാതെ, ഉദ്ധവ് താക്കറെ പക്ഷത്തെ നേതാവായ സഞ്ജയ് റാവത്തിൻ്റെ പ്രസ്താവനകൾ താൻ വിട്ടുനിൽക്കാൻ കാരണമായെന്നും അദ്ദേഹം തുറന്നടിച്ചു.
ജൂൺ 18 വരെ താനുൾപ്പെടെയുള്ളവർ അന്തിമ തീരുമാനമെടുത്തിരുന്നില്ലെങ്കിലും, വ്യാഴാഴ്ച മുതൽ തങ്ങൾക്കെതിരെ നടന്ന പരാമർശങ്ങൾ നിലപാടുകളിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കി. താൻ മറ്റൊരു പാർട്ടിയിലേക്ക് മാറുന്നില്ലെന്നും, ഒരു ശിവസേനയിൽ നിന്ന് മറ്റൊരു ശിവസേനയിലേക്ക് മാറുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 17-ന് ദില്ലിയിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ക്ചൗരെ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നിവർ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ ആറ് എംപിമാരുടെ പിന്തുണ ആവശ്യമായ സാഹചര്യത്തിൽ, ഉദ്ധവ് പക്ഷത്തുണ്ടായിരുന്ന ഒൻപത് എംപിമാരിൽ ഭൂരിഭാഗവും ഷിൻഡെ പക്ഷത്തേക്ക് ചായുന്നത് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വലിയ തിരിച്ചടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

