തളർന്നുപോകുന്ന ശരീരത്തിന് മുന്നിലും തോൽക്കാൻ മനസ്സില്ലാതെ, ലോകമെമ്പാടുമുള്ള രോഗികൾക്ക് പ്രത്യാശയുടെ സന്ദേശവുമായി ഒരു മനുഷ്യൻ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി.കോമിന്റെ (JD.com) മുൻ വൈസ് പ്രസിഡന്റ് ചായ് ലെയ് (48), തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ പോലും മാരകമായ രോഗത്തിന് മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏഴ് വർഷമായി അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS) എന്ന രോഗാവസ്ഥയോട് അദ്ദേഹം പോരാടുകയാണ്. ചലനശേഷി നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ക്രമേണ ഇല്ലാതാക്കുന്ന ഈ രോഗം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ അതിഗുരുതരമാക്കിക്കഴിഞ്ഞു.
സ്വയം ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലുള്ള ചായ്, നിലവിൽ കമ്പ്യൂട്ടറിൽ ആശയവിനിമയം നടത്തുന്നതിനായി ‘ഐ-ട്രാക്കിംഗ്’ സാങ്കേതികവിദ്യയാണ് ആശ്രയിക്കുന്നത്. കഫം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതടക്കം, പലതവണ മരണത്തെ അദ്ദേഹം തൊട്ടടുത്ത് കണ്ടിട്ടുണ്ട്.
നാല് സഹായികളുടെ പിന്തുണയില്ലാതെ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ഇപ്പോൾ സാധിക്കാത്ത അവസ്ഥയിലാണ് അദ്ദേഹം. ഇത്രയേറെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രതിദിനം 12 മണിക്കൂറോളം ഗവേഷണങ്ങൾക്കായി അദ്ദേഹം ചിലവഴിക്കുന്നു.
“മരണം മാത്രമേ എന്നെ ഇതിൽ നിന്ന് തടയുകയുള്ളൂ” എന്നാണ് ഇദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനം. ഗവേഷണരംഗത്തെ ഇടപെടലുകൾ
ബെയ്ജിംഗ് ഐസികാങ് മെഡിക്കൽ ടെക്നോളജി (Beijing Aisikang Medical Technology) ചെയർമാനായ ചായ്, തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 10 കോടിയിലധികം യുവാൻ (ഏകദേശം 1.5 കോടി യുഎസ് ഡോളർ) ആണ് എ.എൽ.എസ് ഗവേഷണങ്ങൾക്കായി സംഭാവന ചെയ്തത്.
നാല് ചാരിറ്റബിൾ ഫണ്ടുകൾക്ക് പുറമെ, പ്രമുഖ ശാസ്ത്രജ്ഞരുമായി സഹകരിച്ച് നിരവധി ലബോറട്ടറികളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ എ.എൽ.എസ് ഗവേഷണ ഡാറ്റാ പ്ലാറ്റ്ഫോം ഈ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണ്.
നിലവിൽ 300-ലധികം മരുന്ന് വികസന പദ്ധതികൾക്കാണ് ചായ് നേതൃത്വം നൽകുന്നത്. ഈ വർഷം ആദ്യം തന്റെ ടീം വികസിപ്പിച്ച ‘RAG-17’ എന്ന മരുന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരീക്ഷണത്തിൽ പങ്കെടുത്ത ‘ഹെ ജിയാൻ’ എന്ന രോഗിയുടെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടായതായാണ് റിപ്പോർട്ട്. ചൈനയിലെ എ.എൽ.എസ് രോഗികൾക്കായി കെയർ ടേക്കർമാരെ സുതാര്യമായി കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ മിനി-പ്രോഗ്രാമും ഇദ്ദേഹത്തിന്റെ ടീം വികസിപ്പിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പിന്തുണ
ഫാർമസി ബിരുദധാരിയായ ഭാര്യ ദുവാൻ റൂയിയും ഈ പോരാട്ടത്തിൽ അദ്ദേഹത്തിന് കരുത്തായി കൂടെയുണ്ട്. ശാസ്ത്ര ഗവേഷണങ്ങൾക്കായി ധനസമാഹരണം നടത്താൻ ‘ബ്രേക്കിംഗ് ദി ഐസ് സ്റ്റേഷൻ’ (Breaking the Ice Station) എന്ന പേരിൽ അവർ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.
“ഒരു വേർപിരിയലിനെ ഞാൻ ഇപ്പോഴും ഭയപ്പെടുന്നുണ്ട്, എന്നാൽ അതുകൊണ്ട് തന്നെ അവനോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ അത്രമേൽ വിലമതിക്കുന്നു,” എന്ന് ദുവാൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പോരാട്ടത്തെക്കുറിച്ച് ചായ് ലെയ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്: “ഏറ്റവും ഇരുണ്ട
രാത്രിയിലും നമ്മുടെ വിശ്വാസമാണ് ആദ്യം തകരാൻ പാടില്ലാത്തത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

