അടിമാലി പട്ടണത്തിന്റെയും പരിസര പ്രദേശങ്ങളുടെയും മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന കുതിരയിള വ്യൂ പോയിന്റ് വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധേയമാകുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്രദേശം കൂടുതൽ ശ്രദ്ധ അർഹിക്കുന്നു.
അടിമാലി പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം മുൻകൈ എടുത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ മൺപാത നിർമ്മിച്ചിരുന്നു.
തുടർന്ന്, രാജ്യസഭ അംഗങ്ങളായ പി.വി.അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ഉന്നതിയിൽ നിന്ന് വ്യൂ പോയിന്റിലേക്കുള്ള 600 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.
ഹാരിസ് ബീരാൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച നടന്നു. ബാക്കിയുള്ള 400 മീറ്റർ കൂടി കോൺക്രീറ്റ് ചെയ്യാൻ സാധിച്ചാൽ, അടിമാലിയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഈ പ്രദേശം മാറും.
പ്രദേശത്തിന്റെ പ്രത്യേകതകൾ
അടിമാലി പട്ടണത്തിന് പുറമെ ചിന്നപ്പാറ ഉന്നതി അടക്കമുള്ള ആറോളം മലനിരകളുടെ മനോഹര ദൃശ്യം ഇവിടെ നിന്ന് ലഭിക്കുന്നു. കുതിരയിള ഗുഹ കാളീക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്.
ദേശീയപാതയിലെ മച്ചിപ്ലാവിൽ നിന്ന് 4 കിലോമീറ്ററും, അടിമാലി ടൗണിലെ അപ്സരക്കുന്ന് ജംക്ഷനിൽ നിന്ന് 3 കിലോമീറ്ററും സഞ്ചരിച്ചാൽ കുതിരയിള വ്യൂ പോയിന്റിൽ എത്തിച്ചേരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

