വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിൽ അമിതഭാരം കയറ്റി നിർത്തിയിട്ട മരലോറി മറിഞ്ഞ് വീട് തകർന്ന സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് വീട്ടുടമയുടെ പരാതി.
മേയ് 18-നാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് പി.കെ. ബിന്ദുവിന്റെ വീടിനു മുകളിലേക്ക് മറിഞ്ഞത്.
സംഭവത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകരുകയും മറ്റ് ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്.
അപകടത്തെത്തുടർന്ന് വീട് വാസയോഗ്യമല്ലാതായതോടെ ബിന്ദുവും കുടുംബവും വാടകവീട്ടിലേക്ക് മാറാൻ നിർബന്ധിതരായി. സംഭവത്തിന് പിന്നാലെ പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ, വീടിന്റെ പുനർനിർമാണച്ചെലവ് ലോറി ഉടമ വഹിക്കാമെന്ന് സമ്മതിച്ചിരുന്നു.
2,35,000 രൂപ നഷ്ടപരിഹാരമായി നിശ്ചയിക്കുകയും, ഇതിൽ 30,000 രൂപ കരാറുകാരന് മുൻകൂറായി നൽകുകയും ചെയ്തു. ബാക്കി തുക 10 ദിവസത്തിനുള്ളിൽ നൽകാമെന്ന് ലോറി ഉടമയും മരം ഉടമയും കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നു.
ഈ ഉറപ്പിന്മേലാണ് അപകടത്തിൽപ്പെട്ട ലോറിയും മരവും നീക്കം ചെയ്യാൻ ബിന്ദു സമ്മതിച്ചത്.
എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും വീടിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടില്ല. നൽകിയ അഡ്വാൻസ് തുക ലോറി ഉടമ തിരികെ വാങ്ങിയതോടെ കരാറിൽ നിന്ന് പിന്മാറിയതായി കരാറുകാരനായ ടി.ആർ.
ദിനു അറിയിച്ചു. മധ്യസ്ഥരും ലോറി ഉടമകളും ചേർന്ന് തന്നെ കബളിപ്പിച്ചതായി വീട്ടുടമ ബിന്ദു ആരോപിക്കുന്നു.
കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന തങ്ങൾക്ക് വീട് പണി പൂർത്തിയാക്കാൻ സാമ്പത്തിക ശേഷിയില്ലെന്നും, മഴ ശക്തമായതോടെ വീടിന്റെ അവശേഷിക്കുന്ന ഭാഗം കൂടി തകരുന്ന അവസ്ഥയിലാണെന്നും ബിന്ദു പറഞ്ഞു. വിദ്യാർഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പ്രതിമാസം 3,000 രൂപ വാടക നൽകിയാണ് ഇപ്പോൾ കഴിയുന്നത്.
ഇക്കാര്യത്തിൽ പഞ്ചായത്ത് അംഗം ഷിജി ഷിബു പ്രതികരിച്ചത് ഇങ്ങനെ: “വീടിന്റെ തകർന്ന ഭാഗം നന്നാക്കാമെന്ന് ലോറി ഉടമ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് വീട്ടുടമ മറ്റു പല നിബന്ധനകൾ ഉന്നയിച്ചതിനാൽ അദ്ദേഹം പിൻവലിഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയതിനാൽ നിയമപരമായ തീർപ്പിനായി കാത്തിരിക്കുകയാണെന്നാണ് ലോറി ഉടമയുടെ നിലപാട്.” സംഭവസ്ഥലം സന്ദർശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, പാവപ്പെട്ട കുടുംബത്തോട് കാണിക്കുന്ന ഈ വഞ്ചന അവസാനിപ്പിക്കണമെന്നും അടിയന്തരമായി വീട് നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മേഖലയിൽ മരലോറികൾ സ്ഥിരമായി അപകടങ്ങൾ ഉണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വനം-ഗതാഗത വകുപ്പുകളുടെ അറിവോടെ അമിതഭാരം കയറ്റി എത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി പുൽപള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.ഡി. ഷാജിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.കെ.
സനൽകുമാർ, ശ്രിനേഷ്, മനു പ്രസാദ്, കെ.കെ. അരുൺ, നിജിൽ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

