കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിലെ കാലതാമസത്തിനെതിരായ കോടതിയലക്ഷ്യ നടപടികളിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് തിരിച്ചടി.
പ്രോസിക്യൂഷൻ അനുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെ മുഹമ്മദ് ഹനീഷ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ സിംഗിൾ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരാകാൻ നൽകിയിരുന്ന നിർദേശത്തിൽ ഇളവ് നൽകിയിരുന്നെങ്കിലും, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം ഈ മാസം 19-നകം അറിയിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
2006-2015 കാലയളവിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ വലിയ തോതിൽ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ കേസിൽ മുഖ്യപ്രതികളായ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ അനുമതി തേടിയിരുന്നു.
എന്നാൽ, നടപടിക്രമങ്ങളിലെ പിഴവുകൾ മാത്രമാണ് സിബിഐ ചൂണ്ടിക്കാട്ടിയതെന്ന നിലപാടിൽ മുൻ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമെ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി. തുടർച്ചയായി മൂന്നു തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ, സിംഗിൾ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഈ വിധി കശുവണ്ടി വികസന കോർപറേഷൻ മുൻ ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

