കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി പാർട്ടി എംപി മഹുവ മൊയ്ത്ര രംഗത്ത്. വിമതപക്ഷത്തുള്ളവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര, താൻ പ്രതിനിധീകരിക്കുന്ന പദവികൾ രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ അവർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
വിമതർക്ക് നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും, മൂന്നിൽ രണ്ട് എംപിമാർക്ക് മാത്രമേ മറ്റൊരു പാർട്ടിയിൽ ലയിക്കാൻ സാധിക്കൂ എന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ അവർ വ്യക്തമാക്കി. മഹുവ മൊയ്ത്രയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ: “വഞ്ചകരായ ടിഎംസി നിയമസഭാംഗങ്ങൾക്ക് നിയമം അറിയില്ല.
2003ലെ 91-ാം ഭരണഘടനാ ഭേദഗതി, പിളർപ്പ് അഥവാ പ്രത്യേക ഗ്രൂപ്പ് എന്ന വ്യവസ്ഥ എടുത്തുമാറ്റിയിട്ടുണ്ട്. എംപിമാരുടെ എണ്ണം ഇവിടെ അപ്രസക്തമാണ്.
യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ മൂന്നിൽ രണ്ട് (2/3) ഭാഗം മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണ് വേണ്ടത്. ഈ 19 വഞ്ചകരും രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണം” ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് 19 തൃണമൂൽ വിമത എംപിമാർ സ്പീക്കറെ സമീപിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം.
എൻഡിഎ സഖ്യത്തിന് ഇവർ പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. മുൻ തൃണമൂൽ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പിന് 19 ലോക്സഭാ അംഗങ്ങളുടെയും 64 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്.
കാകോലി ഘോഷ് ദസ്തിദാർ നയിക്കുന്ന വിമത സംഘത്തിൽ ശതാബ്ദി റോയ്, ബാപി ഹൽദാർ, ശർമിത സർക്കാർ, പ്രസൂൺ ബന്ധോപാധ്യായ്, ജഗദീഷ് ബർമ ബസുനിയ, അസിത് കുമാർ മാൽ, അരുപ് ചക്രബർത്തി, രചന ബാനർജി, സായോനി ഘോഷ്, ഘലിലൂർ റഹമാൻ, അബു താഹേർ ഖാൻ, യൂസഫ് പത്താൻ, മിഥാലി ബാഗ്, മാലാ റോയ്, കലിപദ സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർത്ഥ ഭൗമിക് എന്നിവരും ഉൾപ്പെടുന്നു. അതേസമയം, രാജ്യസഭയിലും തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരൈക്ക് എന്നിവരുടെ രാജിയോടെ രാജ്യസഭയിലെ തൃണമൂൽ അംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

