ബോവിക്കാനം ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു. കറുപ്പ് നിറത്തിലുള്ള നായയുടെ അപ്രതീക്ഷിത ആക്രമണം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാവിലെ മുണ്ടക്കൈ മുല്ലച്ചേരിയടുക്കത്തെ ഓട്ടോ ഡ്രൈവർ എ.പ്രസാദിനെ ആക്രമിച്ചുകൊണ്ടാണ് നായയുടെ അക്രമപരമ്പര തുടങ്ങിയത്.
വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പ്രസാദിനെ നായ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം മുണ്ടക്കൈ ആലനടുക്കത്തുവെച്ച് അങ്കണവാടിയിൽ നിന്നും കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന റംല എന്ന സ്ത്രീയെയും നായ ആക്രമിച്ചു.
നിലത്തുവീണ റംലയെ ആക്രമിക്കാൻ ശ്രമിച്ച നായയെ അയൽവാസികൾ ഇടപെട്ടാണ് ഓടിച്ചത്. ചൊവ്വാഴ്ച രാവിലെ ബോവിക്കാനം ടൗണിലെത്തിയ നായ, വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സി.എച്ച്.മുഹമ്മദ് കുഞ്ഞിയെ ആക്രമിച്ചു.
തൊട്ടുപിന്നാലെ റേഷൻ കടയ്ക്ക് സമീപത്തെ പലചരക്ക് കടയിലെത്തിയ നായ, അച്യുതനെ ആക്രമിച്ചു. ഈ സംഭവത്തിൽ തലനാരിഴയ്ക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഇതിനുശേഷം മില്ലിലും ആയുർവേദ കടയിലും കയറി ആക്രമിക്കാൻ ശ്രമിച്ച നായയെ നാട്ടുകാർ പ്രതിരോധിക്കുകയായിരുന്നു. ഇരിയണ്ണി റോഡിലെ തയ്യൽക്കടയിൽ കയറി അഞ്ജലി എന്ന ജീവനക്കാരിയെയും നായ കടിച്ചു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് വനംവകുപ്പ് ഓഫിസിന് സമീപത്തെത്തിയ നായ, മുസല്യാർ നഗറിലെ പി.വി.സാറ, രണ്ടു വയസ്സുള്ള മകൻ മുഹ്യുദ്ദീൻ അസാൻ എന്നിവരെ കടിച്ചു.
സാറയുടെ കൈക്കും കുട്ടിയുടെ പുറത്തുമാണ് പരിക്കേറ്റത്. ഒടുവിലായി ബാവിക്കര കാട്ടിപ്പള്ളത്തെ ഫാമിൽ കയറിയ നായ, ജീവനക്കാരായ ജി.ദിലീപ് കുമാർ (കായംകുളം), അരുൺ കുമാർ (ഹുബ്ബള്ളി) എന്നിവരെയും ആക്രമിച്ചു.
അരുൺ കുമാറിനെ കടിച്ച നായയെ ഓടിക്കുന്നതിനിടയിലാണ് ദിലീപിന് നേരെയും ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് ബോവിക്കാനം, ചിപ്ലിക്കയ, കാട്ടിപ്പള്ളം, ബാവിക്കര, നുസ്രത്ത് നഗർ തുടങ്ങിയ മേഖലകളിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്. നായയെ നീക്കം ചെയ്യാൻ നടപടി
ആക്രമണകാരിയായ നായയെ കൊല്ലാൻ അനുമതി തേടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
തെരുവുനായ അക്രമണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

