ഫുട്ബോൾ ലോകകപ്പും ക്രിക്കറ്റ് ലോകകപ്പും തമ്മിലുള്ള ജനപ്രീതിയിലെ മത്സരം കായിക ലോകത്ത് എപ്പോഴും ചർച്ചാവിഷയമാണ്. എന്നാൽ, ഇരു കായിക ഇനങ്ങളിലെയും സമ്മാനത്തുകകൾ പരിശോധിക്കുമ്പോൾ വലിയ അന്തരമാണ് ദൃശ്യമാകുന്നത്.
2026 ഫിഫ ലോകകപ്പിന്റെയും 2026 ഐ.സി.സി ടി20 ലോകകപ്പിന്റെയും സാമ്പത്തിക വിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസം കൂടുതൽ വ്യക്തമാകുന്നു. ഫിഫയുടെ റെക്കോർഡ് സമ്മാനത്തുക
ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് 2026 ഫിഫ ലോകകപ്പിലൂടെ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
48 ടീമുകൾ, 3 ആതിഥേയ രാജ്യങ്ങൾ, 16 സ്റ്റേഡിയങ്ങളിലായി 39 ദിവസങ്ങളിലായി നടക്കുന്ന 104 മത്സരങ്ങൾ എന്നിവ ഈ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാക്കി മാറ്റുന്നു. ഫിഫ കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്ന കണക്കുകൾ പ്രകാരം, പങ്കെടുത്ത ടീമുകൾക്കായി മൊത്തം 727 മില്യൺ യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് നൽകുന്നത്.
ഇതിൽ 655 മില്യൺ യു.എസ് ഡോളർ സമ്മാനത്തുകയായി മാത്രം വിതരണം ചെയ്യും. മുൻ ലോകകപ്പുകളെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർദ്ധനവാണിത്.
ജേതാക്കൾക്ക് ലഭിക്കുന്നത് 50 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 417.5 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ ഡോളറും (ഏകദേശം 275.5 കോടി രൂപ) ലഭിക്കും.
ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന ഓരോ ടീമിനും ഒരുക്കങ്ങൾക്കായി 1.5 മില്യൺ ഡോളർ വീതം ഫിഫ നൽകുന്നുണ്ട്. അതായത്, ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീമുകൾക്ക് പോലും ചുരുങ്ങിയത് 10.5 മില്യൺ ഡോളർ (ഏകദേശം 87 കോടി രൂപ) ഉറപ്പായും ലഭിക്കും.
ക്രിക്കറ്റിലെ സാമ്പത്തിക സ്ഥിതി
മറുവശത്ത്, 2026 ടി20 ലോകകപ്പിന്റെ ആകെ സമ്മാനത്തുക വെറും 11.25 മില്യൺ യു.എസ് ഡോളർ (ഏകദേശം 94 കോടി രൂപ) മാത്രമായിരുന്നു. ഫുട്ബോൾ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താകുന്ന ഒരു ടീമിന് ലഭിക്കുന്ന തുകയ്ക്ക് തുല്യമാണ് ക്രിക്കറ്റ് ലോകകപ്പിലെ മൊത്തം സമ്മാനത്തുക എന്നത് കായിക ലോകത്തെ അമ്പരപ്പിക്കുന്നു.
2026 ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയ്ക്ക് സമ്മാനമായി ലഭിച്ചത് 2.63 മില്യൺ യു.എസ് ഡോളർ (ഏകദേശം 22 കോടി ഇന്ത്യൻ രൂപ) മാത്രമാണ്. റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിന് 1.42 മില്യൺ ഡോളറുമാണ് (ഏകദേശം 11.8 കോടി രൂപ) ലഭിച്ചത്.
ആഗോളതലത്തിൽ ഫുട്ബോളിന്റെ സാമ്പത്തിക മൂല്യവും വ്യാപ്തിയും ക്രിക്കറ്റിനേക്കാൾ എത്രയോ മുകളിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

