കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) നേതൃത്വത്തിൽ നടത്തിവരുന്ന ഇതര സംസ്ഥാന വിനോദയാത്രകൾ മൂന്നാഴ്ചയായി നിർത്തിവെച്ചിരിക്കുകയാണ്. മേയ് 14 മുതൽ വിവിധ ഡിപ്പോകളിൽ നിന്നായി ആസൂത്രണം ചെയ്തിരുന്ന അൻപതോളം യാത്രകളാണ് ഇതുമൂലം റദ്ദാക്കേണ്ടി വന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് താൽക്കാലിക പെർമിറ്റ് ലഭിക്കുന്നതിനായി ആവശ്യമായ റോഡ് നികുതിയിളവ് സംബന്ധിച്ച സർക്കാർ ഉത്തരവ് വൈകുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. മധുര, രാമേശ്വരം, കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നത്.
കെഎസ്ആർടിസിയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് ഈ ടൂറിസം പാക്കേജുകൾ. കഴിഞ്ഞ മാർച്ച് 31-ഓടെ കെഎസ്ആർടിസിക്കുള്ള റോഡ് നികുതിയിളവ് കാലാവധി അവസാനിച്ചിരുന്നു.
തുടർന്ന് 45 ദിവസത്തിനുള്ളിൽ പുതിയ ഉത്തരവ് പുറത്തിറങ്ങാത്തതാണ് തിരിച്ചടിയായത്. നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
യാത്രകൾ റദ്ദാക്കപ്പെട്ടതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാർ ദുരിതത്തിലായി. അവധിക്കാലം പ്രമാണിച്ച് യാത്ര പ്ലാൻ ചെയ്തവരും ജോലിയിൽ നിന്ന് പ്രത്യേക അവധിയെടുത്തവരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
നികുതിയിളവ് ലഭിച്ച ശേഷം മാത്രമേ പെർമിറ്റ് പുതുക്കാനും പുതിയ യാത്രാ തീയതികൾ പ്രഖ്യാപിക്കാനും സാധിക്കുകയുള്ളൂ. അതേസമയം, സംസ്ഥാനത്തിനുള്ളിലെ ടൂറിസം സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

