ദേശീയ തലസ്ഥാനമായ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. സൗത്ത് ദില്ലി, സൗത്ത് ഈസ്റ്റ് ദില്ലി, സൗത്ത് വെസ്റ്റ് ദില്ലി, ന്യൂദില്ലി, നോർത്ത് വെസ്റ്റ് ദില്ലി എന്നീ മേഖലകളിലാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിച്ചത്.
മണിക്കൂറിൽ 111 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം മിതമായ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ജൂൺ 10 നും ജൂൺ 14 നും ഇടയിൽ പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്.
ഐഎംഡി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജൂൺ 11 മുതൽ 15 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദില്ലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ജൂൺ 9 മുതൽ 14 വരെ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥ തുടരും. ജൂൺ 11 നും 12 നും ഇടയിൽ രാജസ്ഥാൻ, ഹരിയാന, ദില്ലി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ വടക്കുകിഴക്കൻ മേഖലകളിൽ സജീവമായി. ചൊവ്വാഴ്ചയോടെ മൺസൂൺ വടക്കൻ ബംഗാളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പ്രവേശിച്ചു.
അടുത്ത നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ ഇന്ത്യയിലേക്ക് മൺസൂൺ വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. മൺസൂൺ മുന്നേറ്റത്തെത്തുടർന്ന് ജൂൺ 13 വരെ വടക്കൻ ബംഗാളിലെ ഡാർജിലിംഗ്, കലിംപോങ്, അലിപുർദുവാർ, ജൽപൈഗുരി, കൂച്ച് ബെഹാർ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

