നൂറ്റാണ്ടുകൾക്ക് മുൻപുള്ള നഗരത്തിന്റെ ജീവിതരീതികളും ഭരണകൂട രേഖകളും സാധാരണക്കാർക്ക് മുന്നിലെത്തിച്ച് കോഴിക്കോട് പുരാരേഖാ വകുപ്പിന്റെ ചരിത്രപ്രദർശനം.
രാജ്യാന്തര ആർക്കൈവ്സ് വാരാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം ചരിത്രകുതുകികൾക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായത് 1914-ൽ കോഴിക്കോട് നഗരത്തിലെ ടാക്സി നിരക്കുകൾ വ്യക്തമാക്കുന്ന സർക്കാർ രേഖയാണ്.
അന്നത്തെ മദ്രാസ് ഗസറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ യാത്രക്കൂലി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ‘‘കോഴിക്കോട്ടു തീവണ്ടി ആപ്പിസിൽനിന്ന് കലക്ടറാപ്പീസിലേക്കു നാല് അണ. മിഷ്യൻ ഷാപ്പിലേക്ക് ആറ് അണ.
മഡ്രാസ് ബാങ്കിലേക്കു ആറണ. മിഷ്യനാസ്പത്രി ആറണ.
എരഞ്ഞിപ്പാലം ഒരു ക. ഈസ്റ്റ്ഹിൽ ഒരു കരണ്ടണ ആറു പൈ.’’ ‘കോഴിക്കോട്ടെ മുൻസിപ്പാലിറ്റിക്കുള്ളിൽ കൊണ്ടുനടത്തുന്ന വണ്ടിക്കൂലി വിവരം പട്ടിക’ എന്ന തലക്കെട്ടിലാണ് സർക്കാർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ചരിത്രപരമായ മറ്റ് ഒട്ടേറെ നിർണ്ണായക രേഖകളും പ്രദർശനത്തിലുണ്ട്. 1885-ൽ കോഴിക്കോട് നഗരത്തിലെ ഫ്രഞ്ച് അധീന പ്രദേശത്തിന്റെ അതിരുകൾ വ്യക്തമാക്കുന്ന ഭൂപടം, 1904-ൽ നടക്കാവ് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട
ഫയലുകൾ, 1908-ലെ ടെലഗ്രാഫ് ഓഫീസ് ആരംഭിക്കാനുള്ള ഉത്തരവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ മാസം 12 വരെയാണ് പ്രദർശനം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ‘നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിൽ ആർക്കൈവ്സുകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പഴമയുടെ അവശേഷിപ്പുകൾ നേരിൽ കാണാനും പഠിക്കാനും മികച്ച അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

