കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഇത്ര വലിയ പരാജയമുണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സമ്മതിച്ചു.
പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതിനായി വാട്സാപ്പ്, ഇമെയില്‍ എന്നിവ വഴി പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ തുടർച്ചയായി, ജില്ലാതല നേതാക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സംസ്ഥാന സമിതി യോഗം ഓഗസ്റ്റ് മാസത്തിൽ ചേരും.
കേരളത്തിന്റെ ചിന്താ മണ്ഡലത്തില്‍ വലതുപക്ഷവല്‍ക്കരണത്തിന്റെ സ്വാധീനം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് എം.വി.ഗോവിന്ദന് വിശദീകരിച്ചു:
പരാജയത്തിന്റെ കാരണങ്ങള്‍
പരമ്പരാഗതമായി പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന പല മേഖലകളിലെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു.
ഇത് വോട്ടര്‍മാരില്‍ അസംതൃപ്തിയുണ്ടാക്കി. കൂടാതെ, 30 മണ്ഡലങ്ങളില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നതായി അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമാണ് പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി ഇ.ഡി അറസ്റ്റ് സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത് എന്ന് രാഹുല്‍ ഗാന്ധി തന്നെ ഇന്ത്യാ മുന്നണി യോഗത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനപരമായ പാളിച്ചകള്‍
പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുകള്‍ സംഭവിച്ചതായി ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും അംഗീകരിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ബോധം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായി.
അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തിയതാണെന്ന തരത്തില്‍ വലതുപക്ഷം പ്രചാരണം നടത്തിയത് വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചു. ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും, യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് തെറ്റായ നടപടിയായിരുന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന പ്രചാരണവും തിരിച്ചടിയായി. എസ്ഐആര്‍ (SIR) പിണറായി വിജയന് കൊണ്ടുവന്നതാണെന്ന വ്യാജ പ്രചാരണം ന്യൂനപക്ഷങ്ങളെ അകറ്റി.
മതപരമായ ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസും അതിന് കൂട്ടുനിന്നു. ബിജെപിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞെന്നും ആ വോട്ടുകള്‍ യുഡിഎഫിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിനെതിരായ വിമര്‍ശനം
വലിയ വാഗ്ദാനങ്ങള്‍ നല്കി യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എന്‍ഡിഎ നേതാക്കളുമായും വി.ഡി.സതീശന് നടത്തിയ കൂടിക്കാഴ്ചയും, തുടര്‍ന്ന് തുറമുഖ വകുപ്പ് അദ്ദേഹം ഏറ്റെടുത്തതും സംശയകരമാണെന്ന് അദ്ദേഹം ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും സര്‍വകലാശാലകളിലെ നിയമനങ്ങളിലും സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന പ്രചാരണം കാവിവല്‍ക്കരണത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

