ലോകകപ്പ് മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ അർജന്റീന ടീം ക്യാമ്പിൽ ഉയർന്ന വിവാദങ്ങളിൽ കർശന പ്രതികരണവുമായി പരിശീലകൻ ലയണൽ സ്കലോണി രംഗത്തെത്തി. അർജന്റീന നായകൻ ലിയോണൽ മെസിയെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ വിദേശ മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ടീം സെലക്ഷൻ അടക്കമുള്ള കാര്യങ്ങളിൽ മെസിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകളാണ് പരിശീലകനെ പ്രകോപിപ്പിച്ചത്. ഈ വാർത്തകൾ ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അനാവശ്യ താരതമ്യങ്ങളിലേക്ക് വഴിമാറിയത് ഗൗരവകരമാണെന്ന് സ്കലോണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
“കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞത് മെസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ അദ്ദേഹത്തോട് ചർച്ച ചെയ്യാറുണ്ടെന്നാണ്.
എന്നാൽ ഒരു വിദേശ മാധ്യമം എന്റെ വാക്കുകൾ വളച്ചൊടിച്ചു. മെസിയോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനവും എടുക്കാറില്ലെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്.
എനിക്ക് എന്നെക്കുറിച്ച് ഓർത്ത് വിഷമമില്ല, പക്ഷേ ലിയോയ്ക്ക് (മെസി) വേണ്ടി ഇത് വ്യക്തമാക്കേണ്ടത് എന്റെ ആവശ്യമാണ്. ആ വാർത്ത എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
എന്നെ അത് ഏറെ അസ്വസ്ഥനാക്കി. ദയവായി ആ വാർത്ത അവർ പിൻവലിക്കണം” എന്ന് സ്കലോണി ആവർത്തിച്ചു.
ടീമിലെ തീരുമാനങ്ങളിൽ മെസിയുടെ സ്വാധീനത്തെക്കുറിച്ച് ഉയർന്ന ചർച്ചകൾക്കിടെ, പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിനോട് സമാനമായ ചോദ്യങ്ങൾ മാധ്യമങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ ടീമിൽ തീരുമാനങ്ങൾക്ക് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വാധീനം ചെലുത്താറില്ലെന്ന് മാർട്ടിനെസ് മറുപടി നൽകി.
ഇതേക്കുറിച്ച് പ്രതികരിച്ച സ്കലോണി, താനുമായി സംസാരിച്ച ശേഷമായിരിക്കും റോബർട്ടോ മാർട്ടിനെസ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും, റൊണാൾഡോയുമായി അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനങ്ങൾ എടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. “ഞാൻ ഇവിടെയുള്ള ഇത്രയും വർഷങ്ങൾക്കിടയിൽ, ടീമിൽ ആരെ എടുക്കണം ആരെ ഒഴിവാക്കണം എന്ന് മെസി എന്നോട് ഒരൊറ്റ വാക്ക് പോലും പറഞ്ഞിട്ടില്ല.
അവനെക്കുറിച്ചുള്ള കാര്യങ്ങൾ ഞാൻ അവനുമായി ചർച്ച ചെയ്യാറുണ്ട്. പക്ഷേ, ടീം സെലക്ഷനിൽ മെസി ഇടപെടാറില്ലെന്ന്” സ്കലോണി വ്യക്തമാക്കി.
ജൂൺ 16-ന് അൾജീരിയക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം. ഐസ്ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ മെസി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ചിലിക്കെതിരെ 2-1 ന് ജയിച്ച മത്സരത്തിൽ 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ബൂട്ടണിഞ്ഞിരുന്നു. നൈജീരിയക്കെതിരെയുള്ള മത്സരത്തിലും അദ്ദേഹം ടീമിന്റെ ഭാഗമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

