ദില്ലിയിൽ നടന്ന ഇൻഡ്യാ സഖ്യത്തിന്റെ നിർണായക യോഗത്തിൽ കോൺഗ്രസിനെതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉണ്ടായ ഏകോപനമില്ലായ്മയും കോൺഗ്രസ് നേതാക്കളുടെ നിലപാടുകളുമാണ് സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണമായി മാറിയത്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആണ് കോൺഗ്രസിനെതിരെ വിമർശനങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ഇതിനെ പിന്തുണച്ച് മറ്റ് ഇടതുപക്ഷ പാർട്ടികളും മുന്നണിയിലെ മറ്റ് ഘടകകക്ഷികളും ഒപ്പമുണ്ടായി.
സഖ്യകക്ഷികളുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി, ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. എങ്കിലും, അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അവിടത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായങ്ങളും കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
സഖ്യത്തിലെ ഭിന്നതകൾ പരിഹരിക്കാൻ ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാൻ ധാരണയായി. ഇതിന്റെ ഭാഗമായി അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ നടക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻ സഖ്യം തീരുമാനിച്ചു. കൂടാതെ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധികൾ എന്നിവയിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു.
വോട്ടർപട്ടിക ക്രമക്കേടുകൾ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടർന്ന് ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
തമിഴ്നാട്ടിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതിൽ ഡിഎംകെ അതൃപ്തി രേഖപ്പെടുത്തി. പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എഎപിയെ യോഗത്തിൽ നിന്ന് അകറ്റിയത്.
യോഗത്തിൽ ശരദ് പവാർ, മമത ബാനർജി തുടങ്ങിയവർ നേരിട്ടും ഉദ്ധവ് താക്കറെ, ഹേമന്ത് സോറൻ എന്നിവർ ഓൺലൈനായും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

