പന്തളം കേന്ദ്രീകരിച്ച് നടന്ന ലഹരിക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ (45) ആണ് ഡൽഹി ഉത്തംനഗറിലെ ഫ്ലാറ്റിൽ നിന്നും പിടിയിലായത്.
പന്തളം പൊലീസും ജില്ലാ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിനാസ്പദമായ സംഭവം
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെംഗളൂരുവിൽ നിന്ന് ഇടനിലക്കാർ വഴി കാറിന്റെ ഇന്ധന ടാങ്കിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 395.296 ഗ്രാം എംഡിഎംഎ പന്തളം വലിയപാലത്തിനു സമീപം വെച്ചാണ് പിടികൂടിയത്.
ഈ കേസിൽ കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാൻ (അടൂർ കോട്ടമുകൾ പാലവിള), ഷംനാദ് (അടൂർ പറക്കോട് തറയിൽ) എന്നിവരെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ, മുഹമ്മദ് ഷാനിന്റെ ഭാര്യ ഷെബീന ഖാൻ കഴിഞ്ഞ 18-നും അറസ്റ്റിലായി.
ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിവുകൾ
പ്രതികളുടെ മൊബൈൽ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നൈജീരിയൻ സ്വദേശിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ലഹരിക്കടത്തിനായി വൻതുക കൈമാറിയതായി തെളിവുകൾ ലഭിച്ചു.
മുഹമ്മദ് ഷാനിന്റെ നിർദേശപ്രകാരം ഭാര്യ ഷെബീന ഖാൻ സ്വന്തം അക്കൗണ്ടിൽ നിന്നും 3,12,000 രൂപ സാമുവൽ ക്ലെഫ്സണിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷെബീനയെ പിടികൂടിയത്.
പ്രത്യേക സംഘത്തിന്റെ പ്രവർത്തനം
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശാനുസരണം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്.പ്രകാശ്, ഡിവൈഎസ്പി വി.എസ്.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. എസ്എച്ച്ഒ വി.സജീഷ് കുമാർ, എസ്ഐമാരായ എം.മനീഷ്, യു.വി.വിഷ്ണു, എഎസ്ഐ ബി.ഷൈൻ, ഉദ്യോഗസ്ഥരായ എസ്.അൻവർഷ, ആർ.രഞ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഡൽഹി പൊലീസിന്റെയും നർകോട്ടിക് സെല്ലിന്റെയും സഹായത്തോടെയാണ് അറസ്റ്റ് പൂർത്തിയാക്കിയത്. സുരക്ഷാകാരണങ്ങളാൽ പ്രതിയെ വിമാനമാർഗമാണ് നെടുമ്പാശേരിയിലെത്തിച്ചത്.
ഓപ്പറേഷൻ തൂഫാൻ: കർശന നടപടികൾ
വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്നയാളാണ് സാമുവൽ ക്ലെഫ്സൺ എന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ മാത്രമാണ് ഇയാൾക്കെതിരെ നിലവിൽ മറ്റൊരു കേസുള്ളത്.
പന്തളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ ആദ്യമായി കുടുങ്ങുന്നത്. ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
ഇതുവരെ 87 പേരാണ് ജില്ലയിൽ അറസ്റ്റിലായത്. ശനിയാഴ്ച മാത്രം ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് 18 കേസുകൾ റജിസ്റ്റർ ചെയ്യുകയും 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

