ചവറയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലദേശ് സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി. ബംഗ്ലദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് 4 സ്വദേശികളായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് പിടിയിലായത്.
നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. പാസ്പോർട്ട്, വീസ തുടങ്ങിയ യാതൊരുവിധ നിയമപരമായ രേഖകളോ യാത്രാനുമതികളോ ഇവരുടെ പക്കലില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പത്തു വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇവർ വിവിധയിടങ്ങളിലായി താമസം മാറി വരികയായിരുന്നു. ഏഴു വർഷം ചാലക്കുടിയിലും മൂന്നു വർഷം കരുനാഗപ്പള്ളിയിലുമായിരുന്നു താമസം.
ഒന്നരമാസം മുൻപാണ് ഇവർ നീണ്ടകരയിലെത്തിയത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്.
അതിഥി തൊഴിലാളികളെന്ന വ്യാജേന സ്വന്തം പൗരത്വം മറച്ചുവെച്ചാണ് ഇവർ വീടുകൾ വാടകയ്ക്കെടുത്തിരുന്നത്. പരിശോധനയിൽ ഇവരിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മെലൻ ഖാൻ ജില്ലാ ജയിലിലും, മുഗൾ ഖണ്ഡാൽ കൊട്ടാരക്കര വനിതാ ജയിലിലുമാണ് നിലവിലുള്ളത്. സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി.മനോജ് കുമാർ, എസ്ഐ എ.എം.നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

