അഡൂർ പൊനോരത്ത് അയൽവാസിയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച സഹോദരങ്ങളായ പി.മുസമ്മിൽ (14), മുഹമ്മദ് മുൻസിർ എന്നിവർക്ക് നാട് വിട നൽകി.
സഞ്ചക്കടവ് മുഹ്യുദ്ദീൻ ജുമാമസ്ജിദിൽ പ്രത്യേകം സജ്ജമാക്കിയ ഒരേ കബറിലെ രണ്ട് അറകളിലായാണ് ഇരുവരെയും അടക്കം ചെയ്തത്. കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തളങ്കര മാലിക്ദീനാർ ജുമാമസ്ജിദിൽ എത്തിച്ചു.
തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെ പൊനോരത്തെ വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് കുരുന്നുകളെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്. സഞ്ചക്കടവ് മദ്രസയിൽ നടന്ന പൊതുദർശനത്തിന് ശേഷം ജലാലുദ്ദീൻ തങ്ങൾ കുന്നുംകൈ നേതൃത്വത്തിൽ മയ്യത്ത് നിസ്കാരം നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്തഫ ഹാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്ത് മുഹമ്മദ് വഹ്ഷ് (14) ചെങ്കളയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് 4.45-ന് താജുദ്ദീന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് ദുരന്തം സംഭവിച്ചത്. നഷ്ടപരിഹാരം അടിയന്തരമായി നൽകണം
ദുരന്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് കെ.നീലകണ്ഠൻ എംഎൽഎ ആവശ്യപ്പെട്ടു.
വിഷയം മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. എം.കുഞ്ഞമ്പു നമ്പ്യാർ, റാഫി അഡൂർ, പവിത്രൻ സി.നായർ, പ്രമോദ് ബെള്ളച്ചേരി, ടി.കെ.ദാമോദരൻ, രവി പാണ്ടി തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
സ്കൂളിന് അവധി
ഇരുവരും പഠിച്ചിരുന്ന അഡൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന പിടിഎ യോഗം അനുശോചനം രേഖപ്പെടുത്തി.
നാളെ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രത്യേക അനുശോചന യോഗം ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

