ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈൽ ആക്രമണം നടത്തി. ലബനനിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികൾക്ക് മറുപടിയായാണ് ഇറാൻ തിരിച്ചടി നൽകിയത്.
ഇസ്രയേലിന്റെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് തൊടുത്ത മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഏത് വിധത്തിലുള്ള വ്യോമാക്രമണങ്ങളെയും നേരിടാൻ സജ്ജമാണെന്നും ഇറാന് തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഈ സംഭവവികാസങ്ങളോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായിരിക്കുകയാണ്.
യുദ്ധസാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ സൈന്യം ജാഗ്രതയിലാണ്. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇതിനിടെ, യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി അവിടത്തെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ വലിയൊരു യുദ്ധം ഒഴിവാക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ മിന്നലാക്രമണം.
ഈ കേന്ദ്രം വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ജനവാസ മേഖലയ്ക്ക് താഴെയായിരുന്നു ഹിസ്ബുള്ളയുടെ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും പ്രദേശത്ത് കിലോമീറ്ററുകളോളം പുകപടലങ്ങൾ ഉയരുകയും ചെയ്തു. മേഖലയിൽ ഇപ്പോഴും യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

