തെക്കൻ ഫിലിപ്പീൻസിലെ **മിന്ദനാവോ** മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ **7.8** തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിലെ തീരപ്രദേശങ്ങളിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം, **മിന്ദനാവോ** ദ്വീപിലെ **ജനറൽ സാന്റോസ്** നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറ് മാറി, ഭൂമിക്ക് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
പ്രാദേശിക സമയം രാവിലെ 7:37-ഓടെയാണ് ഭൂചലനം ഉണ്ടായത്. ദുരന്തത്തിന്റെ ആഘാതത്തിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി.
സുരക്ഷ മുൻനിർത്തി തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സൂനാമി ഭീഷണി
പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ വിലയിരുത്തലിൽ, ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തയ്വാൻ, ജപ്പാൻ, ഗുവാം, പാപ്പുവ ന്യൂ ഗിനിയ, പടിഞ്ഞാറൻ പസഫിക്കിലെ വിവിധ ദ്വീപ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ചെറിയ തോതിലുള്ള തിരമാലകൾ ഉണ്ടായേക്കാമെന്നാണ് നിഗമനം. ഇന്തൊനീഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മാലുകു പ്രവിശ്യകളിൽ ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

