തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ (ടാസ്മാക്) പ്രവർത്തനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾക്കും അനധികൃത പണപ്പിരിവുകൾക്കുമെതിരെ മുഖംനോക്കാതെയുള്ള നടപടികൾ ആരംഭിച്ചു. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം കൃത്യമായി സർക്കാർ ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി സി.
ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. എൻഡിടിവി റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന തരത്തിൽ നടന്നുവന്ന തട്ടിപ്പുകൾക്ക് തടയിടാനാണ് പുതിയ നീക്കം.
ടാസ്മാക് ശൃംഖല വഴി പ്രതിമാസം ലഭിക്കുന്ന ഏകദേശം 102 കോടിയോളം രൂപ ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വ്യാപകമായി വകമാറ്റുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കാലയളവിൽ മാത്രം ഏകദേശം 1,600 കോടി രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടതായാണ് സർക്കാരിന്റെ പ്രാഥമിക നിഗമനം.
മുൻ ഭരണകാലത്ത് നടന്ന ഈ അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്: ‘ഒരു കേയ്സ് മദ്യത്തിനു ഏകദേശം 90 രൂപ വീതം ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വകമാറ്റിയിരുന്നു.
ഒരു കേയ്സ് ബിയറിനു 40 രൂപയും, ഒരു കേയ്സ് വൈനിന് 20 രൂപ വീതവും മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഫണ്ടിലേക്ക് ഈടാക്കിയിരുന്നു’. സംസ്ഥാനത്തുടനീളമുള്ള 4,048 ടാസ്മാക് ഔട്ട്ലെറ്റുകളിൽ നടക്കുന്ന ഇത്തരം അഴിമതികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നിലവിൽ പ്രതിമാസം 88 ലക്ഷത്തോളം ഉപഭോക്താക്കളാണ് ഈ ഔട്ട്ലെറ്റുകളെ ആശ്രയിക്കുന്നത്. അധികാരമേറ്റയുടനെ തന്നെ സംസ്ഥാനത്തെ 717 ടാസ്മാക് റീട്ടെയ്ൽ കടകൾ പൂട്ടാൻ സി.
ജോസഫ് വിജയ് ഉത്തരവിട്ടിരുന്നു. ടാസ്മാക് പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാർ നടപടികൾ വരും ദിവസങ്ങളിലും ശക്തമായി തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

