ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സൈന്യം പൂർണസജ്ജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനിടയിലാണ് ഇത്തരമൊരു സൈനിക നടപടി ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനായുള്ള മധ്യസ്ഥശ്രമങ്ങൾക്കായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഇന്ന് ടെഹ്റാനിലെത്തും.
അതേസമയം, യുഎസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ രംഗത്തെത്തി. **ഏപ്രിൽ 8ലെ** വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചെന്നും, സംഘർഷം അവസാനിപ്പിക്കാൻ അവർക്ക് താല്പര്യമില്ലെന്നാണ് ഇത്തരം പ്രവൃത്തികൾ തെളിയിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിനിടയിൽ ലബനനിൽ സൈനിക വാഹനത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികരടക്കം ഒൻപത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കുവൈത്തിലും ബഹ്റൈനിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
ഇതിന് മറുപടിയായി ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങളെ യുഎസ് സേന ലക്ഷ്യമിട്ടു. ഗൊറുക്ക്, ഗെഷം ദ്വീപ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്.
ഡ്രോൺ ആക്രമണങ്ങളെ നിയന്ത്രിക്കുന്നത് ഇവിടെനിന്നാണെന്ന് യുഎസ് ആരോപിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങളെയും, അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച നാല് ടാങ്കറുകളെയും ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാർഡ് സ്ഥിരീകരിച്ചു.
കുവൈത്തിലെ ജനവാസ കേന്ദ്രങ്ങളിൽ മിസൈൽ പതിച്ചെങ്കിലും ആളപായമില്ല. ബഹ്റൈനിൽ മൂന്ന് മിസൈലുകളും ഏതാനും ഡ്രോണുകളും പതിച്ചു.
ആക്രമണത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 4.15 മുതൽ 6.15 വരെ കുവൈത്ത് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ കുവൈത്തിന് ആവശ്യമായ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ യുഎസ് ഭരണകൂടം അനുമതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

