പോക്സോ കേസുകളിൽ ഇരയുടെ പ്രായം നിർണയിക്കുന്നതിൽ നിർണായകമായ നിരീക്ഷണവുമായി കേരള ഹൈക്കോടതി. സ്കൂൾ പ്രവേശന രജിസ്റ്ററും എസ്എസ്എൽസി ബുക്കും കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് മതിയായ രേഖകളാണെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മഞ്ചേരി പോക്സോ കോടതി പ്രതിക്ക് വിധിച്ച 10 വർഷം കഠിനതടവ് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
മലപ്പുറം സ്വദേശിയായ 41 വയസ്സുകാരനാണ് ശിക്ഷാവിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. നൃത്തം പഠിക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നതാണ് കേസ്.
പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും പിന്നീട് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. വിചാരണാ വേളയിൽ, ഹാജരാക്കിയ സ്കൂൾ രേഖകളും എസ്എസ്എൽസി ബുക്കും പ്രായം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
എന്നാൽ, നിയമപരമായി കുട്ടിയുടെ പ്രായം സ്ഥാപിക്കുന്നതിന് ഏറ്റവും വിശ്വസനീയവും പ്രധാനപ്പെട്ടതുമായ രേഖകൾ ഇവ തന്നെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൂടാതെ, പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്ന പ്രതിയുടെ വാദത്തിന് നിയമപരമായ നിലനിൽപ്പില്ലെന്നും കോടതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

