പയ്യോളി ദേശീയപാതയിൽ നിർമാണം പൂർത്തിയായ ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾ പുരത്ത് രൂപപ്പെട്ട കൂറ്റൻ ഗർത്തം അധികൃതർ മണ്ണിട്ട് നികത്തി.
എന്നാൽ, മണ്ണ് ഗർത്തത്തിന്റെ പൂർണമായ ഭാഗങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും, നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. റോഡിന്റെ അടിഭാഗത്തുനിന്നും മണ്ണ് വൻതോതിൽ ഒലിച്ചുപോയതാണ് ഗർത്തം രൂപപ്പെടാൻ കാരണമായത്.
ആറുവരിപ്പാതയിൽ കണ്ണൂർ ദിശയിലേക്ക് കടന്നുപോകുന്ന മൂന്നുവരി പാതയുടെ അടിയിലാണ് വലിയ രീതിയിലുള്ള മണ്ണൊലിപ്പ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് ഈ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
സർവീസ് റോഡ് നിർമാണം നടക്കാത്തതിനാൽ നിലവിൽ ഈ ഭാഗത്തുകൂടി വാഹനഗതാഗതം ഇല്ല. എന്നിരുന്നാലും, രാവിലെ നാട്ടുകാർ വിവരമറിഞ്ഞതോടെയാണ് സുരക്ഷാ ആശങ്കകൾ ഉയർന്നു തുടങ്ങിയത്.
തർക്കത്തിലിരിക്കുന്ന ഭൂമി ആയതിനാൽ ഇവിടെ സർവീസ് റോഡ് നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. മഴവെള്ളം നിർമാണത്തിലെ വിടവുകളിലൂടെ ഊർന്നിറങ്ങിയതാണ് മണ്ണ് താഴേക്ക് ഒഴുകിപ്പോകാൻ ഇടയാക്കിയത്.
അടിഭാഗത്തെ സംരക്ഷണ ഭിത്തി ഉൾപ്പെടെ തകർന്ന നിലയിലാണുള്ളത്. മേയ് മാസത്തിന്റെ തുടക്കത്തിലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നു.
അന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറും മോട്ടർ ബൈക്കുകളും മണ്ണിനടിയിൽ കുടുങ്ങി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

