തിരുവനന്തപുരം ചാക്ക യുപിഎസിന് സമീപം എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീവരാഹം സ്വദേശിയായ മധു കെ. പിള്ള (52) ആണ് പിടിയിലായത്.
ലഹരി വസ്തുക്കൾ എത്തിക്കുന്നതിന് ഇയാൾ ഒത്താശ ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാക്കയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നവംബർ 12 രാവിലെ 11 മണിയോടെ ചാക്ക സ്കൂളിന് സമീപം കഞ്ചാവ് കടത്താൻ ശ്രമിച്ചതിനിടയിലാണ് സംഭവം പുറത്തറിയുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പേട്ട
പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 8.372 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ കർണാടക സ്വദേശിയായ ചിന്തൻ (24) എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് മധു കെ. പിള്ള പിടിയിലായത്.
ലഹരി മാഫിയകൾക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ കർശന നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
നിലവിൽ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ പേട്ട പൊലീസ് സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

