നവകേരള സദസ്സ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. കേസിലെ പ്രതികളായ ഗൺമാൻമാർ മർദ്ദനത്തിന് ഉപയോഗിച്ചത് ഔദ്യോഗികമായി അനുവദിക്കപ്പെട്ട
ലാത്തിയല്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഗൺമാൻമാർക്ക് ഔദ്യോഗികമായി തോക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
മർദ്ദനത്തിന് ഉപയോഗിച്ച വടി ഇവർ സ്വന്തമായി കരുതിയതാണെന്നും, ഇത് പോലീസ് മാനുവലിന് വിരുദ്ധമാണെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. പോലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് മാത്രമാണ് നിശ്ചിത നീളമുള്ളത്.
എന്നാൽ ആലപ്പുഴയിൽ നടന്ന സംഭവത്തിൽ ഉപയോഗിച്ച വടിക്ക് നിശ്ചിത അളവിനേക്കാൾ നീളമുണ്ടായിരുന്നതായി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിനിടെ, പ്രതികൾക്കെതിരെ 308-ാം വകുപ്പ് ചുമത്തിയത് നിയമപരമായ വിദഗ്ധോപദേശം തേടിയ ശേഷമാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
വകുപ്പ് ചുമത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വിവേചനാധികാരമുണ്ടെന്നും, മെഡിക്കൽ റിപ്പോർട്ടുകൾ കൂടി പരിശോധിച്ചാണ് നടപടിയെന്നും എസ്ഐടി വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ കോടതി ഉന്നയിച്ച സംശയങ്ങൾക്ക് മറുപടിയായാണ് അന്വേഷണ സംഘം വിശദീകരണം നൽകിയത്.
യാത്രയ്ക്കിടെ ബസിന് നേരെ കല്ലേറുണ്ടായെന്ന പ്രതികളുടെ വാദം പൂർണ്ണമായും തള്ളിക്കൊണ്ടുള്ള വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഫോറൻസിക് പരിശോധനയിൽ ബസിന് നേരെ കല്ലേറ് നടന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
കെഎസ്ആർടിസി ബസ് ഡ്രൈവർ അഭിലാഷ് നൽകിയ മൊഴിയും പ്രതികൾക്ക് വിരുദ്ധമാണ്. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി.
കൂടാതെ, ബസിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ഒഫീഷ്യൽ രേഖകളിലും വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

