ലണ്ടനിൽ സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്ന 18 വയസ്സുകാരനായ ഹെൻറി നൊവാക് എന്ന വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ 23 വയസ്സുകാരനായ സിഖ് യുവാവ് വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച സതാംപ്ടൺ ക്രൗൺ കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതി കുറഞ്ഞത് 21 വർഷമെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം താൻ വംശീയ അധിക്ഷേപത്തിന് ഇരയായെന്നും, തന്റെ തലപ്പാവ് അക്രമികൾ തട്ടിമാറ്റിയെന്നും ആരോപിച്ച് പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
താൻ ധരിച്ചിരുന്ന ബെൽറ്റിൽ സൂക്ഷിച്ചിരുന്ന വലിയ കത്തി ഉപയോഗിച്ചാണ് ദിഗ്വ ഹെൻറിയെ ആക്രമിച്ചതെന്ന് കോടതിയിൽ ജഡ്ജി വില്യം മൗസ്ലി നിരീക്ഷിച്ചു. ഹെൻറി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും “നീ ഒരു മോശം മനുഷ്യനാണോ” എന്ന് ചോദിച്ചത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതി വാദിച്ചു.
എന്നാൽ, ഹെൻറി അത്തരത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പുറത്തുവന്നു.
കുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ഹെൻറി നൊവാക് തനിക്ക് കുത്തേറ്റുവെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, പോലീസ് ഉദ്യോഗസ്ഥർ അത് ഗൗനിച്ചില്ല. “നിനക്ക് കുത്തേറ്റിട്ടില്ല സുഹൃത്തേ” എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്.
തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഹെൻറി ഒൻപത് തവണ അപേക്ഷിച്ചിട്ടും പോലീസ് അത് അവഗണിച്ചതായി ഹെൻറിയുടെ പിതാവ് മാർക്ക് വെളിപ്പെടുത്തി. ഏതാനും മിനിറ്റുകൾക്ക് ശേഷം ഹെൻറി പ്രതികരിക്കാതായപ്പോഴാണ് പോലീസ് ആംബുലൻസ് വിളിക്കാൻ തയ്യാറായത്.

