പാലക്കാട്: ഒരേ കോളനിയിൽ വളർന്നവർ, ഒരേ വിദ്യാലയത്തിലേക്ക് അക്ഷരം നുകരാൻ ഒരുമിച്ച് യാത്ര തിരിക്കുന്നു. ഒലവക്കോട് റെയിൽവേ കോളനിയിലെ താമസക്കാരായ ആറു കുട്ടികൾ ഒരേസമയം വിവേകോദയ നഴ്സറി സ്കൂളിൽ പ്രവേശനം നേടിയിരിക്കുകയാണ്.
വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമുള്ള നഴ്സറിയിലേക്ക് മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള ഇരട്ടകൾ ഒന്നിച്ചെത്തുന്നത് നാട്ടുകാർക്കും ഏറെ കൗതുകകരമായ കാഴ്ചയാണ്. പ്രവേശനം നേടിയ കുട്ടികൾ: സുധീർ–കെ.എസ്.സുചിത്ര ദമ്പതികളുടെ മക്കളായ പി.ഹരിപ്രിയ, പി.കൃഷ്ണപ്രിയ എന്നിവരും, ജി.രാജശേഖരൻ–സി.
ബിന്ധ്യ ദമ്പതികളുടെ മക്കളായ ഋത്വിക ആർ.ശേഖർ, ഋഷിക ആർ.ശേഖർ എന്നിവരും എൽകെജി വിഭാഗത്തിലേക്കാണ് പ്രവേശനം നേടിയത്. കൂടാതെ, എസ്.സനൽദാസ്– എസ്.സുചിത്ര ദമ്പതികളുടെ മക്കളായ ആദ്യശ്രീ, ആദിദേവ് എന്നിവർ ഇതേ വിദ്യാലയത്തിലെ പ്രീ കെജി വിഭാഗത്തിലും ചേർന്നു.
വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും വസ്ത്രധാരണത്തിലും ഉപയോഗിക്കുന്ന പഠനോപകരണങ്ങളിലും വലിയ സമാനതയാണ് ഈ ആറംഗ സംഘം പുലർത്തുന്നത്. ഒരേ ഡിസൈനിലുള്ള വാട്ടർ ബോട്ടിലുകളും ഒരേ വർണ്ണത്തിലുള്ള വസ്ത്രങ്ങളും ധരിച്ചെത്തുന്ന ഈ കൊച്ചുസംഘം റെയിൽവേ കോളനിയിലെ നിവാസികൾക്ക് ഇപ്പോൾ പ്രിയപ്പെട്ടവരായി മാറിയിട്ടുണ്ട്.
ഒന്നിച്ചു കളിച്ചു വളർന്ന കുട്ടികൾ ഇനി അറിവിന്റെ ലോകത്തേക്കും ഒരേ പാതയിൽ യാത്ര തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

