കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാത നവീകരണത്തിനായി കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും യാത്രാദുരിതത്തിനും അപകടങ്ങൾക്കും ശമനമില്ല. റോഡ് നിർമാണത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ നിർദേശിച്ച പ്രകാരം നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ട് വെളിച്ചം കാണാത്തതാണ് ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്.
മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് തയാറാക്കിയ ഈ റിപ്പോർട്ട് മാസങ്ങൾക്ക് മുൻപ് കലക്ടർക്ക് കൈമാറിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. നിർമാണത്തിലെ ഗുരുതരമായ പിഴവുകൾ ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.
കരാർ കമ്പനിയെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണം പ്രദേശവാസികൾ ഉന്നയിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി.കെ.കാസിം എംഎൽഎ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തണമെന്നും അപാകതകൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു.
കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പിഡബ്ല്യുഡി – കെഎസ്ടിപി ഡിവിഷന് വീഴ്ച സംഭവിച്ചതായി കമ്മിഷൻ കണ്ടെത്തി. കരാർ കമ്പനിയെക്കൊണ്ട് തന്നെ നിശ്ചിത സമയത്തിനുള്ളിൽ അപാകതകൾ പരിഹരിക്കണമെന്നും, വീഴ്ച വരുത്തിയാൽ പിഴ ചുമത്തുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും കെഎസ്ടിപി പ്രോജക്ട് ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവും നടപ്പായില്ല.
കറുത്തപറമ്പ്, മുക്കം ടൗൺ, ഓമശ്ശേരി, കാപ്പുമല തുടങ്ങിയ മേഖലകളിൽ റോഡ് താഴ്ന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണം പൂർത്തിയാക്കിയത്.
വലിയ തുക ചെലവഴിച്ചുള്ള റോഡ് നിർമാണം ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

