തിരുവനന്തപുരം ∙ സംസ്ഥാനത്ത് വലിയ പ്രതീക്ഷയോടെ പ്രഖ്യാപിച്ച കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് സർവീസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. പുതിയ ബസുകളുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങാത്തതാണ് സർവീസ് വൈകുന്നതിന് പ്രധാന കാരണം.
നികുതി ഇളവ് ലഭിക്കാത്തതു കാരണം കോടികൾ വിലമതിക്കുന്ന പുതിയ ബസുകൾ റോഡിലിറക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് അധികൃതർ. നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 വർഷത്തേക്ക് നികുതി ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നുവെങ്കിലും, ധനവകുപ്പിന്റെ മുൻകൂർ അനുമതി തേടാതെയാണ് ഈ ഉത്തരവ് തയ്യാറാക്കിയത്.
ധനവകുപ്പിന്റെ അനുമതിയില്ലാതെ നികുതി ഒഴിവാക്കിയ പ്രസ്തുത നടപടിയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾക്ക് നികുതി ഒഴിവാക്കി നൽകണമെന്ന ഗതാഗത വകുപ്പിന്റെ അപേക്ഷ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ലാത്തത്.
എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിൽ ബിസിനസ് ക്ലാസ് സർവീസുകൾ നടത്തുന്നതിനായി 2 എസി വോൾവോ ബസുകൾ കോടികൾ മുടക്കി വാങ്ങിയത്. എന്നാൽ നിലവിൽ ഈ ബസുകൾ യാതൊരു ഉപയോഗവുമില്ലാതെ വെറുതെയിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
ബസുകളുടെ ഉള്ളിലെ ആഡംബര സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി വീണ്ടും കോടുകണക്കിന് രൂപ ചെലവഴിക്കേണ്ടതുണ്ട്. ദേശീയപാത നവീകരണം പൂർത്തിയായി 6 വരിയാകുന്നതോടെ കേവലം 3 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം–എറണാകുളം യാത്ര സാധ്യമാകുമെന്ന ലക്ഷ്യത്തോടെയാണ് ഈ ബസുകൾ അന്ന് വാങ്ങിയത്.
ബസുകൾ സർവീസ് നടത്താതെ കട്ടപ്പുറത്തിട്ടിരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എങ്കിലും, നിലവിലുള്ള നികുതി സംബന്ധമായ നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാതെ ബസുകൾ നിരത്തിലിറക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഇതിനിടയിൽ ‘ബിസിനസ് ക്ലാസ്’ എന്ന പേര് മാറ്റി ‘എക്സിക്യൂട്ടീവ് സർവീസ്’ എന്ന പേരിൽ സർവീസ് നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഗതാഗത വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്. എങ്കിലും സർവീസ് നടത്തുന്ന റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

