പത്തനംതിട്ട ജില്ലയിലെ സീതത്തോട് മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിൽ യുവതി സ്വന്തം കുടിലിന് തീയിട്ടു.
യാത്രയ്ക്ക് കൂടെ കൊണ്ടുപോയില്ലെന്ന് ആരോപിച്ചാണ് യുവതി വീട് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ വീട് പൂർണ്ണമായും കത്തിനശിക്കുകയും കുടുംബാംഗങ്ങൾ വഴിയാധാരമാവുകയും ചെയ്തു.
ശബരിഗിരി ജലവൈദ്യുത പദ്ധതിക്ക് സമീപം താമസിക്കുന്ന റെജി–സാതികാ ദമ്പതികളുടെ കുടിലാണ് ഇന്നലെ രാവിലെ 7 മണിയോടെ കത്തിനശിച്ചത്. സംഭവത്തെത്തുടർന്ന് നവജാത ശിശുവും ഒന്നര വയസ്സുള്ള കുട്ടിയുമടങ്ങിയ കുടുംബത്തിന് കിടപ്പാടം നഷ്ടമായി.
ജലവൈദ്യുത പദ്ധതിയിൽ താൽക്കാലിക ജീവനക്കാരനായ റെജിയുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ തീയിൽ നശിച്ചു. ദുരന്തത്തിന് ശേഷം ഏറെനേരം കത്തിയ കുടിലിന് സമീപം കഴിഞ്ഞ കുടുംബം, പിന്നീട് ബന്ധുവീട്ടിലേക്ക് മാറി.
സംഭവം സംബന്ധിച്ച് റെജിയുടെ വിശദീകരണം ഇങ്ങനെ: “കഴിഞ്ഞ ആഴ്ച റെജിയുടെ മൊബൈൽ ഫോൺ കാണാതെ പോയിരുന്നു. സൈബർ സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഫോൺ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഫോൺ വാങ്ങാൻ ഇന്നലെ രാവിലെ 6.20ന്റെ മൂഴിയാർ–പത്തനംതിട്ട കെഎസ്ആർടിസി ബസിൽ പത്തനംതിട്ടയിലേക്കു പോകാൻ തുടങ്ങിയപ്പോൾ ഭാര്യ സാതികായേയും ഒപ്പംവരാൻ വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല.
ഇതിനിടെ ബസ് പോയി. തുടർന്ന് ഓട്ടോറിക്ഷ വിളിച്ചു.
ഓട്ടോറിക്ഷ ഉന്നതിയിൽ എത്തിയപ്പോഴും സാതികയെ ക്ഷണിച്ചതാണ്. അവർ വരാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ തനിയെ പത്തനംതിട്ടയിലേക്കു പോകുന്ന വഴി, ആങ്ങമൂഴിയിൽ എത്തിയപ്പോഴാണ് വീടിനു ഭാര്യ തീയിട്ട
വിവരം ഫോണിലൂടെ അറിഞ്ഞത്.” സംഭവസ്ഥലത്ത് എത്തിയ മൂഴിയാർ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ഇരുവരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സാതികയുടെ അമ്മ ശാന്തയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിന് ശേഷം സാതികാ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയതായും റെജി വെളിപ്പെടുത്തി.
ആദിവാസി പ്രമോട്ടർ കൂടിയാണ് സാതികാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

