പത്തനംതിട്ട കലക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ ഓഫിസ് കടുത്ത സ്ഥലപരിമിതിയിലും ഫയൽക്കൂമ്പാരത്തിലും വീർപ്പുമുട്ടുന്നു.
ഓഫിസിന്റെ കവാടം മുതൽ ഉൾവശം വരെ ഫയലുകളുടെ കൂമ്പാരമാണ്. ജീവനക്കാരുടെ ഇരിപ്പിടങ്ങൾ പോലും ഫയലുകൾ സൂക്ഷിക്കുന്നതിനായി മാറ്റിവേണ്ടി വന്നിരിക്കുകയാണ്.
സ്റ്റൂളുകൾ പോലും ഫയൽക്കെട്ടുകൾ പെറുക്കിവയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഫീൽഡ് ജീവനക്കാരുൾപ്പെടെ ഏകദേശം എഴുപതോളം പേർ ജോലി ചെയ്യുന്ന ഈ ഓഫിസിനായി വളരെ വലിപ്പം കുറഞ്ഞ മുറിയാണ് അനുവദിച്ചിട്ടുള്ളത്.
ഈ ചെറിയ മുറിയിലും പുറത്തെ വരാന്തയിലുമായി പതിനഞ്ച് അലമാരകളാണുള്ളത്. ഇതുമെല്ലാം കവിഞ്ഞ് കടലാസ് കെട്ടുകൾ ഓഫിസിനുള്ളിലെ ഇരിപ്പിടങ്ങളിലേക്കും പടർന്നു കയറിയിരിക്കുകയാണ്.
വർഷങ്ങളുടെ പഴക്കമുള്ള ഫയലുകൾ മുതൽ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ബില്ലുകളാണ്.
ജില്ലയിൽ ആകെ അൻപത്തെട്ട് സിഡിഎസുകളാണുള്ളത്. നിയമപ്രകാരം ഫയലുകൾ കുറഞ്ഞത് പത്ത് വർഷത്തെയെങ്കിലും സൂക്ഷിക്കേണ്ടതുണ്ട്.
ഓരോ വർഷവും പുതിയ പദ്ധതികൾ വരുന്നതനുസരിച്ച് കടലാസ് കെട്ടുകളുടെ അളവും പെരുകുന്നു. കനത്ത പൊടിയും എലികളുടെ ശല്യവും സഹിച്ച് നിരവധിയായ വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ചുറ്റും ഫയലുകൾ ഉയർന്നതോടെ ചില ജീവനക്കാരെ ഇരിക്കുന്നിടത്ത് കണ്ടെത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള മറ്റൊരിടത്തേക്ക് ജില്ലാ ഓഫിസ് മാറ്റണമെന്ന ആവശ്യം കുടുംബശ്രീ സംസ്ഥാന മിഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്.
എന്നാൽ വാടക കെട്ടിടത്തിലേക്ക് മാറുന്നത് വലിയ സാമ്പത്തികച്ചെലവിന് കാരണമാകുമെന്നത് ഇതിന് തടസ്സമായി. തുടർന്ന് കലക്ടറേറ്റ് വളപ്പിലുള്ള പ്ലാനിങ് സെക്രട്ടേറിയറ്റ് കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്നതിനുള്ള നടപടികളും ശ്രമങ്ങളും നടന്നു.
ഇതിന്റെ അനുമതി ലഭിക്കുന്ന ഘട്ടമായപ്പോഴേക്കും മറ്റൊരു പ്രതിസന്ധി ഉടലെടുത്തു. അപകടാവസ്ഥയിലായ മിനി സിവിൽ സ്റ്റേഷനിൽ നിന്നും മാറ്റിയ ചില ഓഫിസുകൾ പ്ലാനിങ് സെക്രട്ടേറിയറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതായിരുന്നു കാരണം.
കലക്ടറേറ്റിലെ മറ്റ് ഏതെങ്കിലും ഓഫിസ് മുറികളിൽ ഫയലുകൾ സൂക്ഷിക്കാനുള്ള ചെറിയ സൗകര്യമെങ്കിലും അനുവദിച്ചാൽ വലിയാശ്വാസമാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

