അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരണപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്.
കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ.
റാം അറസ്റ്റിലായി. പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ അനുമതി തേടിക്കൊണ്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
ഇതിനിടയില്‍, മുന്‍ അന്വേഷണ ഘട്ടത്തില്‍ വീഴ്ച വരുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി സുധീര്‍ കല്ലനെ കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടുകയുണ്ടായി. നേരത്തെ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് തയ്യാറാക്കിയ ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ പുതിയ അന്വേഷണ സംഘം പ്രതിഭാഗത്തിനും കുടുംബത്തിനും രേഖാമൂലം കൈമാറിയിരുന്നു.
ഇതിനുപിന്നാലെയാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്. അറസ്റ്റ് നടപടികളില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് ഡോ.
റാംന്റെ അഭിഭാഷകനും കോടതിയെ അറിയിക്കുകയുണ്ടായി. ഔദ്യോഗികമായി കോടതി ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് തന്നെ ഡോ.
റാം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി ഹാജരായിരുന്നെന്നതും ശ്രദ്ധേയമാണ്. കേസ് പരിഗണിക്കുന്നതിനിടയിലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി സുധീര്‍ കല്ലനെ വിളിച്ചുവരുത്തിയത്.
കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ കോടതിയില്‍ രേഖകള്‍ ഹാജരാക്കിയ വേളയില്‍ എന്തുകൊണ്ടാണ് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അറസ്റ്റിന്റെ കാരണങ്ങള്‍ വാക്കാല്‍ അറിയിച്ചിരുന്നു എന്ന് ഡിവൈഎസ്പി കോടതിയെ അറിയിച്ചെങ്കിലും, കേവലം വാക്കാല്‍ അറിയിച്ചാല്‍ പോരെന്നും നിയമപരമായ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും കോടതി താക്കീത് ചെയ്തു.
ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടി വരുമെന്നും കോടതി കര്‍ശനമായി ഓര്‍മ്മിപ്പിച്ചു. അന്വേഷണ വേളയിലുണ്ടായ ഇത്തരത്തിലുള്ള പാളിച്ചകള്‍ ഭാവിയില്‍ ഒരിടത്തും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
പ്രതിക്ക് വ്യക്തമായി മനസ്സിലാകുന്ന മാതൃഭഷയില് അറസ്റ്റ് വിവരം എഴുതിനല്‍കണമെന്നും, റിമാന്‍ഡ് റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടറെ കാണിച്ച് നിയമപരമായ പിഴവുകളില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പുതിയ കര്‍ശന നിര്‍ദ്ദേശം. ഈ കാര്യങ്ങളെല്ലാം അതത് യൂണിറ്റ് മേധാവികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, പ്രതികളുടെ അറസ്റ്റ് വിവരം ക്രൈംബ്രാഞ്ച് മേധാവി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കൃത്യസമയത്ത് അറിയിക്കണമെന്നും എച്ച്.
വെങ്കിടേഷ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കേസിന്റെ അന്വേഷണം അട്ടിമറിക്കുവാന്‍ പ്രമുഖരായ ചില രാഷ്ട്രീയ വ്യക്തികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി നിതിന്‍ രാജിന്റെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.

