പിറവം മേഖലയിലെ നിർമാണ, കാർഷിക മേഖലകൾ അതിഥിത്തൊഴിലാളികളുടെ കൂലി വർധനവിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലേക്ക്. തൊഴിൽ വകുപ്പ് നിശ്ചയിച്ച നിരക്കുകൾ കാറ്റിൽപ്പറത്തി തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതാണ് പ്രധാന വെല്ലുവിളി.
നിലവിൽ മേസ്തിരിമാർക്ക് 1000 രൂപയും സഹായികൾക്ക് 840 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനം. എന്നാൽ, നിലവിൽ മേസ്തിരിമാർക്ക് 1500 രൂപയും സഹായികൾക്ക് 1200 രൂപയുമാണ് പലയിടത്തും ആവശ്യപ്പെടുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരികെ എത്താൻ വൈകുന്നതാണ് കൂലി വർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴിലാളികളെ തൊഴിലിടങ്ങളിൽ എത്തിച്ചു നൽകുന്ന ഏജന്റുമാർ ഓരോ തൊഴിലാളിയിൽ നിന്നും 100 രൂപ കമ്മീഷൻ വാങ്ങുന്നതും, ഇവരുടെ ഇടപെടൽ മൂലം കൂലി നിരക്ക് കുത്തനെ ഉയരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഈ സാഹചര്യം നിർമാണ മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച തുകയ്ക്ക് കരാർ ഒപ്പിട്ട
ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ, ലൈസൻസ്ഡ് എൻജിനീയേഴ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ എന്നിവർ വ്യക്തമാക്കി. ഭാരവാഹികളായ കെ.വിജയൻ, എം.ബി.ഗോപൻ, വർഗീസ് ചാലപ്പുറം, വി.കെ.സന്തോഷ്, വിജയകുമാരി സോമൻ എന്നിവർ ആശങ്ക പങ്കുവെച്ചു.
കാർഷിക മേഖലയിൽ, പ്രത്യേകിച്ച് പൈനാപ്പിൾ കർഷകർ വൻ നഷ്ടമാണ് നേരിടുന്നത്. വിളവെടുപ്പിന് പാകമായ പൈനാപ്പിൾ കൃത്യസമയത്ത് പറിച്ചെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതും, അമിത കൂലി ആവശ്യപ്പെടുന്നതും കാരണം ഹെക്ടറുകളോളം കൃഷിയിടങ്ങളിലെ വിളകൾ നശിക്കുകയാണ്.
നെൽക്കൃഷിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്.
ഈ വിഷയത്തിൽ തദ്ദേശ ഭരണകൂടങ്ങളുടെയും തൊഴിൽ വകുപ്പിന്റെയും അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കർഷകരും കരാറുകാരും ആവശ്യപ്പെടുന്നു. മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതി തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി വേതന കാര്യത്തിൽ ധാരണയിലെത്തിയത് മാതൃകയാണെന്നും, മറ്റ് പഞ്ചായത്തുകളും ഇതേ മാതൃക പിന്തുടരണമെന്നുമാണ് ഇവരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

