ബെൽഫാസ്റ്റിലെ സെന്റ് ആൻസ് ഹാളിൽ വെച്ച് NI Indian Nurses Forum സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിപുലമായ പങ്കാളിത്തത്തോടെ അരങ്ങേറി. വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന നഴ്സുമാരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
പരമ്പരാഗതമായി വിളക്ക് തെളിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ നോർത്ത് ബെൽഫാസ്റ്റ് എംഎൽഎ ബ്രയാൻ കിംഗ്സ്റ്റൺ, ഇന്ത്യൻ കോൺസുലാർ ജനറൽ വിവിഎസ് രാമകൃഷ്ണ, NIPEC ചീഫ് എക്സിക്യൂട്ടീവ് ലിൻഡ കെല്ലി, ഫോറം സ്ഥാപകനും നഴ്സ് പ്രാക്ടീഷണറുമായ ബിജി ജോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ബിജി ജോസ് “Empowered Nurses Save Lives” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
നഴ്സുമാരുടെ അവകാശങ്ങൾ, തൊഴിൽപരമായ ഭാവി, സമൂഹത്തിൽ അവർ നൽകുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഫോറത്തിന്റെ വളർച്ചയ്ക്കും നഴ്സുമാരുടെ കൂട്ടായ്മയ്ക്കും വേണ്ടി കമ്മിറ്റി അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ലയ ആൻഡ് ടീം പരിപാടികൾ ഏകോപിപ്പിച്ചു. ഷോൺവി നന്ദി പ്രകാശിപ്പിച്ചു.
ഈ വർഷത്തെ Inspirational Nurse Award ജേതാവായി ആഷാ ജോയി തിരഞ്ഞെടുക്കപ്പെട്ടു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ഗുരുതരാവസ്ഥയിലായ ഒരു രോഗിക്ക് കൃത്യസമയത്ത് സിപിആർ നൽകി ജീവൻ രക്ഷിച്ചതിനും, മികച്ച നഴ്സിംഗ് തീരുമാനങ്ങൾ കൈക്കൊണ്ടതിനും ഉള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
സദസ്സിന്റെ വലിയ കരഘോഷങ്ങൾക്കിടയിൽ ആഷാ ജോയിയെയും കുടുംബത്തെയും വേദിയിലേക്ക് ആനയിച്ച് ആദരിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസികളായ നഴ്സുമാർക്കും കെയർ അസിസ്റ്റൻ്റുകൾക്കും പിന്തുണ നൽകാനായി ബിജി ജോസിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്.
GP രജിസ്ട്രേഷൻ, യാത്രാസൗകര്യങ്ങൾ, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ട് തുടങ്ങിയ സംഘടന ഇന്ന് നോർത്തേൺ അയർലണ്ടിലെ ശക്തമായ ഒരു നഴ്സിംഗ് കൂട്ടായ്മയായി മാറിയിരിക്കുന്നു. ചടങ്ങിൽ നഴ്സുമാരുടെ കലാപരിപാടികൾ, കരിയർ പ്രഭാഷണങ്ങൾ, ഗാനാലാപനം എന്നിവ അരങ്ങേറി.
യൂണിസൺ (Unison), മാക്ലിൻ ഗ്രൂപ്പ് (Macklin Group), ഓർഗൻ ഡൊണേഷൻ ടീം എന്നിവരുടെ സ്റ്റാളുകൾ ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയിൽ നിന്നും സിറിയയിൽ നിന്നും എത്തിയ നഴ്സുമാർക്കും വിദ്യാർത്ഥികൾക്കും നൽകുന്ന പിന്തുണ പരിഗണിച്ച് ബിജി ജോസിനെയും വിശിഷ്ടാതിഥികളെയും ചടങ്ങിൽ ആദരിച്ചു.
ജാതി-മത ഭേദമന്യേ നഴ്സിംഗ് എന്ന വികാരത്താൽ ഒന്നിച്ചുകൂടിയവരുടെ ഐക്യദാർഢ്യ പ്രകടനമായി ഈ ദിനാഘോഷം മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

