ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച 15-കാരൻ വൈഭവ് സൂര്യവംശിയോട് ക്യാപ്റ്റൻ റിയാൻ പരാഗ് അപക്വമായി പെരുമാറിയത് വലിയ ചർച്ചയാകുന്നു. മത്സരത്തിൽ 96 റൺസെടുത്ത് പുറത്തായ വൈഭവ് നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, റിയാൻ പരാഗ് ദേഷ്യത്തോടെ വിരൽ ചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിലൂടെ പുറത്തുവന്നിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് സൂര്യവംശി സെഞ്ചുറിക്ക് തൊട്ടരികെ പുറത്താകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ 29 പന്തിൽ 97 റൺസെടുത്ത താരം, ഇത്തവണ 47 പന്തിൽ 8 ഫോറും 7 സിക്സും സഹിതം 96 റൺസാണ് അടിച്ചെടുത്തത്.
ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയ യുവതാരത്തോട് ക്യാപ്റ്റൻ പരസ്യമായി ദേഷ്യപ്പെട്ടത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ഈ സീസണിൽ 11 റൺസ് മാത്രം നേടിയ റിയാൻ പരാഗ്, ടീമിലെ ടോപ് സ്കോററായ വൈഭവിനെ മാനസികമായി തളർത്തുകയാണെന്ന് ആരാധകർ ആരോപിക്കുന്നു.
മത്സരത്തിനിടെ 18-ാം ഓവറിൽ ഫീൽഡിംഗിനിടെയും വൈഭവിനെതിരെ പരാഗ് ആക്രോശിക്കുന്നത് കാണാമായിരുന്നു. എന്നാൽ, മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ വ്യത്യസ്തമായ പ്രതികരണമാണ് റിയാൻ പരാഗ് നടത്തിയത്.
“വൈഭവ് വെറുതെ കണ്ണടച്ച് ബാറ്റ് വീശുകയല്ലെന്നും സാഹചര്യം മനസിലാക്കി, കണക്കുകൂട്ടലുകളോടെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നത്” എന്ന് പരാഗ് അഭിപ്രായപ്പെട്ടു. വൈഭവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയ ക്യാപ്റ്റൻ, അവൻ ഉടൻ തന്നെ ഇന്ത്യൻ ജേഴ്സി അണിയുമെന്നും കൂട്ടിച്ചേർത്തു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (1), ധ്രുവ് ജുറെൽ (7) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും, വൈഭവ് സൂര്യവംശി ഇന്നിംഗ്സിനെ തോളിലേറ്റുകയായിരുന്നു.
ഗുജറാത്ത് ബൗളർമാരായ മുഹമ്മദ് സിറാജിനെയും കാഗിസോ റബാഡയെയും നേരിട്ട വൈഭവ് മധ്യ ഓവറുകളിൽ തകർത്തടിച്ചു.
മത്സരത്തിൽ ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറി മികവിൽ ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന് വിജയിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു. മെയ് 31 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

