ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന വട്ട ശ്രമങ്ങളും പരാജയപ്പെട്ടു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രയൽസിലെ നാടകീയമായ തർക്കങ്ങൾക്കൊടുവിൽ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ താരം അനുമതി നേടി. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും വിനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
എന്നാൽ, കോടതി ഉത്തരവുകളെ മറികടക്കാൻ ശനിയാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെ ഫെഡറേഷൻ പുതിയ തടസ്സവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി, 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ വിനേഷിനെ അനുവദിക്കൂ എന്ന് അധികൃതർ നിലപാടെടുത്തു.
ഈ തീരുമാനത്തിനെതിരെ വിനേഷ് ഫോഗട്ട് ശക്തമായി രംഗത്തെത്തി. തനിക്ക് താൽപര്യമുള്ള ഭാര വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാതെ ഫെഡറേഷൻ വിവേചനം കാണിക്കുകയാണെന്ന് താരം ആരോപിച്ചു.
വേദിയിൽ അധികൃതരും താരവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ നടന്നു. വിഷയം സങ്കീർണ്ണമായതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് ഇടപെടുകയും വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.
സംഭവത്തിൽ പ്രതികരിക്കവെ, തങ്ങൾ വിവേചനം കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനേഷ് മുൻകൂട്ടി വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്നുമാണ് സഞ്ജയ് സിംഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞത്. ഭാരപരിശോധനയിൽ 53.9 കിലോഗ്രാം ഭാരം രേഖപ്പെടുത്തിയതിനെ തുടർന്ന് വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിന്റെ ഡ്രോയിൽ ഉൾപ്പെടുത്തി.
“I was told that I’m allowed to compete in the 53kg category. I have already submitted my form in the 53kg category.” എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി.
ഹരിയാനയിൽ നിന്നുള്ള ഗുസ്തി താരവും ജുലാന മണ്ഡലത്തിലെ എംഎൽഎയുമായ വിനേഷിന് മീനാക്ഷി ഗോയത്, ആന്റിം പംഗൽ തുടങ്ങിയ ശക്തരായ എതിരാളികളാണ് ട്രയൽസിൽ കാത്തിരിക്കുന്നത്. ഈ ട്രയൽസിൽ വിജയിക്കുന്ന താരമായിരിക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

