തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി തള്ളി. ക്ഷേത്രത്തിലെ അമൂല്യമായ വസ്തുക്കൾ നഷ്ടപ്പെട്ടതായി പൊലീസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി വ്യക്തമാക്കി.
മെയ് 29, 2026-ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘വൈര നാമം’, വിളക്ക് തുടങ്ങിയ വസ്തുക്കൾ ക്ഷേത്രത്തിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിപ്പുണ്ടെന്നും, നേരിട്ടുള്ള പരിശോധനയിലൂടെ ഇക്കാര്യം ബോധ്യപ്പെട്ടതായും ഭരണസമിതി അറിയിച്ചു.
വ്യക്തമായ അന്വേഷണമോ ഭരണസമിതിയോടുള്ള കൂടിയാലോചനയോ ഇല്ലാതെ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ഓഫിസർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ, ക്ഷേത്രത്തിലെ സ്വർണ്ണ നാണയങ്ങളും സ്വർണ്ണക്കട്ടികളും ഉൾപ്പെടെയുള്ള വസ്തുക്കൾ കൃത്യമായ കണക്കുകളോടെ സൂക്ഷിച്ചിട്ടുണ്ടെന്നും അവ കൃത്യമായ ഇടവേളകളിൽ ഓഡിറ്റിന് വിധേയമാക്കാറുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെമ്പകത്തിൻമൂട് നടയുടെ സുരക്ഷ
ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്ക് മാത്രമായി കർശനമായി നിയന്ത്രിച്ചിട്ടുള്ളതാണെന്ന് ഭരണസമിതി അറിയിച്ചു.
ഇതര വ്യക്തികൾക്ക് ഈ വഴി പ്രവേശനമോ പുറത്തുകടക്കാനോ അനുവാദമില്ല. ഭക്തജനങ്ങളും ജീവനക്കാരും അതിഥികളും ഉൾപ്പെടെയുള്ളവർ കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.
അതിനാൽ, സുരക്ഷാ പരിശോധനകളില്ലാതെ ആരെങ്കിലും പ്രവേശിക്കുന്നുവെന്ന പൊലീസ് റിപ്പോർട്ടിലെ വാദം വസ്തുതാവിരുദ്ധമാണ്. അതേസമയം, ഡിജിപി സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

