ശാരീരിക പരിമിതികൾ മൂലം താല്പര്യമുള്ള വിഷയം പഠിക്കാൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി മീനാക്ഷിക്ക് ആശ്വാസമേകി സർക്കാർ നടപടികൾ. എരൂർ സ്വദേശിയായ മീനാക്ഷിക്ക് ഇടപ്പള്ളി ജിഎച്ച്എസ്എസിൽ തുടർപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഇടപെടൽ നടത്തിയിരിക്കുകയാണ്.
സ്കൂളിൽ ഭിന്നശേഷി സൗഹൃദ റാംപ് നിർമിക്കുന്നതിനായി 3 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി. ഇക്കാര്യം വ്യക്തമാക്കി എംഎൽഎ ദീപക് ജോയ് മന്ത്രിയെ സന്ദർശിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി മന്ത്രി നേരിട്ട് സംസാരിച്ചാണ് ഇതിനാവശ്യമായ ധനസഹായം വേഗത്തിൽ ലഭ്യമാക്കിയത്. നേരത്തെ, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മീനാക്ഷിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
പഠനത്തിനുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി മീനാക്ഷിക്ക് ഉറപ്പുനൽകുകയും, ഇതിനായുള്ള ഏകോപന പ്രവർത്തനങ്ങൾക്കായി ദീപക് ജോയ് എംഎൽഎയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എ.ശങ്കരനാരായണനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റാംപ് നിർമാണം യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി പിടിഎ 1 ലക്ഷം രൂപയും സംഭാവന ചെയ്യും. കംപ്യൂട്ടർ സയൻസ് കോഴ്സാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്.
ഗണിത ലാബ് ഒഴികെയുള്ള ക്ലാസുകൾ താഴത്തെ നിലയിൽ ആയതിനാൽ മീനാക്ഷിക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഗണിതശാസ്ത്ര പ്രായോഗിക പരീക്ഷകൾക്കും ക്ലാസുകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രിൻസിപ്പൽ ഉറപ്പുനൽകിയതായി ദീപക് ജോയ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

