ദില്ലി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയടക്കം 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകൾക്കെതിരെ സിപിഎം പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി ദില്ലിയിലെ ഇഡി ആസ്ഥാനത്തേക്ക് പാർട്ടി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, ബൃന്ദ കാരാട്ട് തുടങ്ങിയ മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ റോഡിൽ കിടന്ന് പ്രതിരോധം തീർത്തെങ്കിലും പോലീസ് ബലം പ്രയോഗിച്ചാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചതായും ആരോപണമുണ്ട്. ദില്ലിയിലെ പ്രതിഷേധം തടഞ്ഞ നടപടി ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എം എ ബേബി പ്രതികരിച്ചു.
വി ഡി-ഇഡി മോദി കൂട്ടുകെട്ട് സംശയം ആവർത്തിച്ച അദ്ദേഹം, ഇക്കാര്യം വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടി. പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഎം പ്രവർത്തകർ ഇഷ്ടിക ഉപയോഗിച്ച് തകർത്തു.
ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കേരളത്തിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും എം എ ബേബി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

