സംസ്ഥാനത്ത് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് സംഘം നടത്തിയ ഓപ്പറേഷനില്‍ ചേര്‍ത്തല ഡിവൈഎസ്പി ടി.അനില്‍കുമാര്‍ അറസ്റ്റിലായി. മലിനജലം ശേഖരിച്ച് നഗരസഭയുടെ എസ്ടിപി പ്ലാന്റില്‍ എത്തിക്കുന്ന സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല സ്വദേശിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലന്‍സ് പിടികൂടിയത്.
സംഭവത്തിന്റെ പശ്ചാത്തലം ടി.അനില്‍കുമാര്‍ ചേര്‍ത്തല ഡിവൈഎസ്പിയായി ചുമതലയേറ്റതിന് പിന്നാലെ മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊലീസ് നിരന്തരം കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാഹന ഉടമ ഡിവൈഎസ്പിയെ നേരില്‍ കണ്ടപ്പോള്‍ എല്ലാ മാസവും 25,000 രൂപ വീതം കൈക്കൂലിയായി നല്‍കണമെന്ന് ഉദ്യോഗസ്ഥന് ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തികമായി ഇത്രയും തുക നല്കാന് പ്രയാസമാണെന്ന് വാഹന ഉടമ അറിയിച്ചെങ്കിലും ഡിവൈഎസ്പി വഴങ്ങിയില്ല. തന്റെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ട് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
പണം നല്കാന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വീണ്ടും കസ്റ്റഡിയിലെടുത്ത് നടപടികള്‍ തുടര്‍ന്നു. ഇതോടെ വാഹന ഉടമ ആലപ്പുഴ വിജിലന്‍സ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. ഇന്ന് വൈകിട്ട് ഡിവൈഎസ്പിയുടെ വാടകവീട്ടിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

