അഞ്ചൽ ∙ സംസ്ഥാനത്ത് പാർട്ടിയുടെ നിലവിലെ പ്രവർത്തന ശൈലികൾ തുടർന്നാൽ കേരളത്തിലെ അവസ്ഥ ബംഗാളിലേതിന് സമാനമാകുമെന്ന് സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെ രൂക്ഷമായ അഭിപ്രായപ്രകടനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
ജനങ്ങളിൽ നിന്നും ഉന്നത നേതൃത്വം പൂർണ്ണമായും അകന്നുവെന്നും, ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് സാധാരണ പ്രവർത്തകരാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റി അംഗം വി.പി.സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച ഒൻപത് മണിക്കൂറോളം നീണ്ടുനിന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പരിവാരങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കാരണം സാധാരണക്കാരുമായി ഇടപഴകാൻ പോലും പ്രവർത്തകർക്ക് കഴിയാത്ത സാഹചര്യമാണെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗം പാർട്ടിക്കു വലിയ തിരിച്ചടിയായെന്നും, ഇത് മുൻപ് നടന്ന ‘പരനാറി’ പരാമർശത്തെക്കാൾ ദോഷകരമായി ബാധിച്ചുവെന്നും വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയുടെ പ്രവർത്തനരീതികൾ പാർട്ടിയെ അപകടത്തിലാക്കുന്നുവെന്നും, നേതൃത്വത്തിൽ അടിയന്തരമായി മാറ്റങ്ങൾ അനിവാര്യമാണെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പാർട്ടിയുടെ എല്ലാ തലങ്ങളിലും സംഘടനാപരമായ ബലഹീനതകൾ പ്രകടമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
അതേസമയം, പ്രതിസന്ധികൾക്കിടയിലും പുനലൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താനായതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. അഞ്ചൽ ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള കുളത്തൂപ്പുഴ പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലാണെങ്കിലും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവിടെ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചതും നേട്ടമായി വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

