ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 19 വയസ്സുള്ള വിദ്യാർഥിനി പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ശുചിമുറിയിലാണ് സംഭവം.
ഇന്നലെ പുലർച്ചെ 12.30-ഓടെയാണ് അത്യന്തം നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. തിങ്കളാഴ്ച രാത്രി 9.30-ഓടെ പിതാവിനും സഹോദരിക്കും ഒപ്പമാണ് യുവതി ആശുപത്രിയിൽ എത്തിയത്.
ശക്തമായ വയറുവേദനയാണെന്ന് അറിയിച്ചപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഗർഭിണിയാണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും ആർത്തവവുമായി ബന്ധപ്പെട്ട
വയറുവേദനയും നടുവേദനയുമാണെന്നുമാണ് യുവതി മറുപടി നൽകിയത്. യുവതി പൂർണ ഗർഭിണിയാണെന്ന കാര്യം കൂടെയുണ്ടായിരുന്ന വീട്ടുകാർക്ക് പോലും അറിവില്ലായിരുന്നുവെന്നാണ് വിവരം.
പരിശോധനയ്ക്കായി ശുചിമുറിയിലേക്ക് പോയ യുവതി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ രക്തം കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പരിശോധന നടത്തിയെങ്കിലും ആദ്യം കുഞ്ഞിനെ കണ്ടെത്താനായില്ല.
ഇതിനിടെ പുറത്തുനിന്നു കേട്ട കുഞ്ഞിന്റെ കരച്ചിലാണ് നിർണായകമായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ ശുചിമുറിയുടെ വെന്റിലേഷനു താഴെ രക്തത്തിൽ കുളിച്ചു കിടന്ന നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. 3.200 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞിന്റെ പൊക്കിൾക്കൊടി വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു.
ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അറ്റൻഡർ വി.അനിൽ കുമാർ ആണ് കുഞ്ഞിനെ വാരിയെടുത്ത് അടിയന്തര ശുശ്രൂഷ നൽകിയത്.
തുടർന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരായ ഡോ.ത്രിഷ അന്ന സണ്ണി, ഡോ.അൽഫി ഫാത്തിമ, സ്റ്റാഫ് നഴ്സുമാരായ നിഷ, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. കുഞ്ഞിനെ വേണ്ടെന്ന് അമ്മ അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.
ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശുചിമുറിയുടെ പുറത്ത് തെരുവുനായ്ക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, ജീവനക്കാരുടെ ശ്രദ്ധയിൽ കരച്ചിൽ പെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

