പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതോടെ സർക്കാർ ഉദ്യോഗാർഥികൾ വലിയ പ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പ് കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം ഉദ്യോഗാർഥികളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത്. മേയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയിരിക്കുന്നത്.
മുൻകാലങ്ങളിൽ ഉണ്ടായ നിയമന പരാതികൾ കൂടി പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. എന്നാൽ ലിസ്റ്റ് നീട്ടിയതുകൊണ്ട് മാത്രം കാര്യങ്ങൾ സുഗമമാകില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂർ സ്വദേശിയായ ഉദ്യോഗാർഥി നീതു ദാസ് ഇക്കാര്യം വ്യക്തമാക്കിയത് ഇങ്ങനെ: “ലിസ്റ്റ് നീട്ടിയിട്ട് മാത്രം കാര്യമില്ല; നിയമനത്തിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം”. അതാത് വകുപ്പുകൾ മുൻകൈ എടുത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ മാത്രമേ ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കൂ എന്നും, തങ്ങൾ ഇതിനായുള്ള സമ്മർദ്ദങ്ങളുമായി മുന്നോട്ടുപോകുമെന്നും നീതു ദാസ് വ്യക്തമാക്കി.
അതേസമയം, നിയമന നടപടികളിൽ പിഎസ്സിയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് പിഎസ്സി അംഗം ജിപ്സൻ പോൾ പ്രതികരിച്ചു. അദ്ദേഹം പറഞ്ഞത്: “റിപ്പോർട്ട് ചെയ്യപ്പെടുന്നതനുസരിച്ച് എത്രയും വേഗം നിയമനം നൽകാനുള്ള നടപടികൾ പിഎസ്സിയുെട
ഭാഗത്തു നിന്ന് സ്വീകരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വന്നു.
ലിസ്റ്റ് നീട്ടിയതുകൊണ്ട് എത്ര ഉദ്യോഗാർഥികൾക്ക് ഗുണം ലഭിക്കുമെന്ന് അറിയാൻ സാധിക്കില്ല. അതാത് വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം നൽകുമെന്നും ജിപ്സൻ പോൾ പറഞ്ഞു.” തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ നിലച്ചുപോയ ഒഴിവ് റിപ്പോർട്ടിങ് നടപടികൾ വരുംദിവസങ്ങളിൽ ഊർജിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വകുപ്പുതലത്തിൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്താൽ മാത്രമേ ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് പൂർണമായ പരിഹാരമാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

