കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിന് പിന്നാലെ, ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശിയായ രജിൻ ലാൽ ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.
ഈ സംഭവത്തിൽ രജിൻ ലാലിന്റെ ഭാര്യയും പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയുമായ സോന നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മെയ് 15-നാണ് സോന മരണപ്പെട്ടത്.
ആറുമാസം ഗർഭിണിയായിരുന്ന സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ച ശേഷം മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിലൂടെ സഞ്ചരിക്കവേ എടോളിത്താഴെ വെച്ചാണ് കാറിന് തീപിടിച്ചത്.
കാറിന്റെ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു സോന. വാഹനം കത്താൻ തുടങ്ങിയ ഉടൻ തന്നെ രജിൻ ലാൽ പുറത്തിറങ്ങി ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.
സംഭവത്തിൽ സോന കാർ കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികൾ തമ്മിൽ കുടുംബപരമായ തർക്കങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

