ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ രംഗത്ത്. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനിടെ സി ജോസഫ് വിജയ് തൻ്റെ താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ പരിക്കേറ്റ എം കെ സ്റ്റാലിൻനെ പരിഹസിക്കുന്നതാണ് ഈ ആംഗ്യമെന്ന വിമർശനം ഇതിനോടകം ഉയർന്നിരുന്നു. ഇതിന് മറുപടിയായി, ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, താടിയിൽ തട്ടി തന്നെ കളിയാക്കിയത് ‘കറക്റ്റ്’ ആണെന്നും ഇപ്പോഴും ശരീരത്തിൽ പാടുകളുണ്ടെന്നും കൂട്ടിച്ചേർത്തു.
നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായ ശേഷം സി ജോസഫ് വിജയ് തന്നോട് മാപ്പ് പറഞ്ഞെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി ആയശേഷം വീട്ടിൽ വന്നത് മറന്നോ എന്ന് ചോദിച്ച അദ്ദേഹം, പ്രചാരണത്തിനിടെ പലതും പറഞ്ഞുവെന്നും തന്നോട് ക്ഷമിക്കണം എന്ന് സി ജോസഫ് വിജയ് ആവശ്യപ്പെട്ടതായും വ്യക്തമാക്കി. അത് മറന്നേക്കൂ, ഇപ്പോൾ മുഖ്യമന്ത്രി ആണ്, അത് വിചാരിച്ച് ഇനി സംസാരിക്കണം എന്ന് താൻ മറുപടി നൽകിയെന്നും, എന്നാൽ വിജയ് അത് എങ്ങനെ മറന്നുവെന്നും സ്റ്റാലിൻ ചോദിച്ചു.
പാർട്ടി ഫണ്ടിൻ്റെ മറവിൽ ഡിഎംകെ വ്യാപക അഴിമതി നടത്തിയെന്നും ഇതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്തെത്തിയിട്ടുണ്ടെന്നുമുള്ള വിജയ്യുടെ ആരോപണത്തിന് ഇഡിയുടെ ട്രാക്ക് റെക്കോർഡ് ഉയർത്തിയാണ് സ്റ്റാലിൻ മറുപടി നൽകിയത്. ഇഡി അന്വേഷിച്ച 95 ശതമാനം കേസുകളും പൊളിഞ്ഞുപോയതാണെന്നും, ഇഡിയെക്കുറിച്ച് ഒപ്പമുള്ള കോൺഗ്രസുകാരോട് ചോദിക്കണമെന്നും കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്കെതിരെ ഇഡി കേസുകളില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഒരു തോൽവി കൊണ്ട് ഡിഎംകെ ഇല്ലാതാകില്ലെന്നും നാണയത്തിന്റെ രണ്ട് വശം പോലെയാണ് ജയവും തോൽവിയെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനായി ഇനിയും ഡിഎംകെ പോരാടുമെന്നും അതാണ് പാർട്ടിയുടെ ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സി ജോസഫ് വിജയ് ജനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ പദ്ധതികൾ മാത്രമാണ് ഇപ്പോഴും ഉള്ളതെന്നും, തന്റെ സർക്കാർ പണിത പാലത്തിന് മുകളിൽ നിന്ന് റീൽ എടുക്കുന്നത് മാത്രമാണ് വിജയ്യുടെ പദ്ധതിയെന്നും എം കെ സ്റ്റാലിൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

