നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായി കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ പരസ്പരം ബന്ധിപ്പിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഒരു മാധ്യമത്തിന്റെ ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം പുതിയ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
കോട്ടയം നഗരത്തിന് ചുറ്റുമായി നിലവിലുള്ള നാല് സമാന്തര റോഡുകൾ ചുരുക്കം ചില ഭാഗങ്ങളിൽ മാത്രമാണ് പരസ്പരം ബന്ധിപ്പിക്കാനുള്ളത്. ഈ വിടവുകൾ നികത്തിയാൽ നഗരത്തിന് ഒരു റിങ് റോഡിന്റെ ഗുണം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്, വടവാതൂർ മിൽമ– ബണ്ട് റോഡ്–ചവിട്ടു വരി, എലിപ്പുലിക്കാട്ട് പാലം വഴി വട്ടമൂട് പാലത്തിലൂടെ എംസി റോഡ് തുടങ്ങിയ റോഡുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇതോടൊപ്പം ഈരയിൽക്കടവ്– മണിപ്പുഴ ബൈപാസ് വിപുലീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കും.
കാക്കൂർ മേഖലയിൽ 650 മീറ്റർ സ്ഥലം കൂടി ഏറ്റെടുക്കാൻ സാധിച്ചാൽ, എംസി റോഡിന് സമാന്തരമായി ചിങ്ങവനം വരെ ഈ ബൈപാസ് യാഥാർത്ഥ്യമാകും. ഈ ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേശീയപാതയിലെ കഞ്ഞിക്കുഴി ജംക്ഷൻ നേരിടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ മേൽപാലം നിർമ്മിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 38.5 കോടി രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കിയ പദ്ധതിയായിരുന്നു ഇത്.
എന്നാൽ പിന്നീട് അത് മുടങ്ങുകയായിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ബജറ്റിൽ ചെറിയ തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

