സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രായോഗിക തടസ്സങ്ങൾ നിലനിൽക്കുന്നു. പൊതുഗതാഗത മേഖലയിൽ കെഎസ്ആർടിസിയുടെ സ്വാധീനം കൂടുതലുള്ള ജില്ലകളിൽ മാത്രമാണ് ഈ സൗജന്യത്തിന്റെ ഗുണം ഭൂരിഭാഗം സ്ത്രീകൾക്കും ലഭിക്കുകയുള്ളൂ എന്നതാണു പ്രധാന വസ്തുത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ഏഴ് ജില്ലകളിൽ മാത്രമാണ് കെഎസ്ആർടിസി സർവീസുകൾ കാര്യമായ തോതിലുള്ളത്. മൊത്തം ബസ് സർവീസുകളിൽ കെഎസ്ആർടിസി വിഹിതം 9.4 ശതമാനം മാത്രമുള്ള മലപ്പുറം, 24.7 ശതമാനം മാത്രം സാന്നിധ്യമുള്ള എറണാകുളം തുടങ്ങിയ ജില്ലകളിൽ പദ്ധതിയുടെ പ്രയോജനം നാമമാത്രമായിരിക്കും.
കർണാടകയിലെ മാതൃക പിന്തുടർന്നാണ് കേരളത്തിലും പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ കർണാടകയിൽ 90 ശതമാനം ബസ് സർവീസുകളും സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന കാര്യം ശ്രദ്ധേയമാണ്.
കേരളത്തിൽ 2025-ലെ കണക്കുകൾ പ്രകാരം ആകെ 16,545 റൂട്ട് ബസുകൾ ഉള്ളതിൽ 4,609 എണ്ണം മാത്രമാണ് കെഎസ്ആർടിസിയുടേത്. ഇതിൽ തന്നെ 800 ബസുകൾ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
പ്രവർത്തനക്ഷമമായ ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള ക്ലാസുകളാണ്. ഇത്തരം ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുവദിക്കാത്തതും സീറ്റ് റിസർവേഷൻ സൗകര്യം ഉള്ളതും സൗജന്യ യാത്ര നടപ്പാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നു.
കൂടാതെ, കെഎസ്ആർടിസി സ്വിഫ്റ്റിന് കീഴിലുള്ള 450 ബസുകൾ പ്രത്യേക കമ്പനിയായതിനാൽ ഇതിൽ സൗജന്യം ബാധകമാകില്ല. നിലവിൽ കോർപറേഷന്റെ പ്രതിദിന വരുമാനം 7 കോടി രൂപയാണ്.
യാത്രക്കാരിൽ 50 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ പ്രകാരം, സൗജന്യ യാത്ര നടപ്പിലാക്കുന്നതോടെ വരുമാനത്തിൽ 3.5 കോടി രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം 105 കോടി രൂപയുടെ പ്രതിമാസ വരുമാന നഷ്ടമാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്.
ജില്ലാ തിരിച്ചുള്ള കെഎസ്ആർടിസി സർവീസ് വിഹിതം താഴെ പറയുന്നതാണ്:
തിരുവനന്തപുരം – 60.50 %, കൊല്ലം – 49.00 %, പത്തനംതിട്ട – 36.80 %, ആലപ്പുഴ – 48.90%, കോട്ടയം – 37.80%, ഇടുക്കി – 38.40%, എറണാകുളം – 24.70%, തൃശൂർ – 15.40%, പാലക്കാട് – 14.60%, മലപ്പുറം – 09.40%, കോഴിക്കോട് – 14.00%, വയനാട് – 40.10%, കണ്ണൂർ – 16.10%, കാസർകോട് – 24.30%.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

